കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്. വി. കുഞ്ഞികൃഷ്ണന്‍ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം അജണ്ട സെറ്റ് ചെയ്ത ശേഷമാണെന്നും ഇക്കാര്യങ്ങള്‍ പറയാന്‍ തെരഞ്ഞെടുപ്പിനോട് അടുത്ത സമയം തന്നെ തെരഞ്ഞെടുത്തുവെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടിക്കെതിരായ അജണ്ട യാദൃച്ഛികമല്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
2022 ഏപ്രിലില്‍ ചര്‍ച്ച ചെയ്ത്ത തീരുമാനമായ വിഷയമാണ് ഇപ്പോള്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പാര്‍ട്ടിയിലേക്ക് എത്തിയ ആളാണ് കുഞ്ഞികൃഷ്ണന്‍. സഹകരണ ബാങ്കിനായി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് മധുസൂദനനെ അവഹേളിക്കാനാണ് ശ്രമം. ബാങ്കുമായി ബന്ധപ്പെട്ട് ഒരു ചുമതലയും മധുസൂദന് ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതിനല്ല, കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി അന്ന് നടപടി എടുത്തത്. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിതനായിരുന്നു എന്നും കെ.കെ. രാഗേഷ് പറഞ്ഞു. വാര്‍ത്ത ചോര്‍ച്ച സംബന്ധിച്ച് ഊഹാപോഹമല്ലാത്ത കൃത്യമായ തെളിവ് പാര്‍ട്ടിയുടെ കൈവശമുണ്ട്.
സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമായ ആള്‍ വാര്‍ത്ത ചോര്‍ത്താന്‍ തുടങ്ങിയിട്ട് ഏറെ നാളായെന്ന കുറ്റസമ്മതമാണ് നടത്തിയത്. പാര്‍ട്ടിക്ക് അകത്ത് നിന്ന് അങ്ങനെ ഒരു കാര്യം ചെയ്തതോടെ വി. കുഞ്ഞികൃഷ്ണന്‍ കമ്യൂണിസ്റ്റ് അല്ലാതായി മാറി. അന്ന് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും താക്കീതും ശാസനയുമൊക്കെയാണ് നല്‍കിയത്. ഇതെല്ലാം കഴിഞ്ഞിട്ട് ആറ് മാസം കഴിഞ്ഞു. അതിനിടെ ഒന്നും അദ്ദേഹത്തിന് ഇക്കാര്യങ്ങള്‍ പറയാന്‍ തോന്നിയില്ല. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു എന്ന കാരണമാണെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണന് ടി.ഐ. മധുവിനോട് പകയാണ്. ആ പകയെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ തുറന്നുപറച്ചില്‍ ടി.ഐ. മധുസൂദനന്റെ യശസ് കളങ്കപ്പെടുത്താനാണ് കുഞ്ഞികൃഷ്ണന്റെ ലക്ഷ്യമെന്നും കെ.കെ. രാഗേഷ് വിമര്‍ശിച്ചു.
റസീറ്റ് വ്യാജമായി നിര്‍മിച്ചെന്ന ആരോപണത്തിലും കെകെ രാഗേഷ് മറുപടി പറഞ്ഞു. ആറ് റസീറ്റ് ബുക്കുകള്‍ പുതുതായി അച്ചടിച്ചിരുന്നു. അക്ഷരത്തെറ്റിനെ തുടര്‍ന്നാണ് മാറ്റി അച്ചടിച്ചത്. അത് നശിപ്പിച്ചിരുന്നില്ല. ആ റസീറ്റ് ബുക്ക് ഉപയോഗിച്ച് പണം പിരിച്ചിട്ടുണ്ട്. പക്ഷേ അത് മധുസൂദനന്‍ അല്ല, മറ്റൊരു നേതാവാണ് പിരിച്ചത്. ആ പണത്തിനു കൃത്യമായ കണക്കുണ്ടെന്നും രാഗേഷ് പറഞ്ഞു.
ടി.ഐ മധുസൂദനന്റെ കയ്യില്‍ നിന്ന് ഒരു റസീറ്റ് ബുക്ക് നഷ്ടപ്പെട്ടിരുന്നു. അത് അദ്ദേഹം തന്നെ പിന്നീട് കണ്ടെത്തി പാര്‍ട്ടിയെ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ട റസീറ്റ് ബുക്കുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്ക് കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് ഫണ്ട് കൈകാര്യം ചെയ്തത് ടിഐ മധുസൂദനന്‍ അല്ലെന്നും അന്ന് മധുസൂദനനല്ല ഏരിയ സെക്രട്ടറി എന്നും കെ.കെ. രാഗേഷ് പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില്‍ നടപടി എടുത്തതാണ്. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നവരുടെ കയ്യിലെ കോടാലിക്കയ്യായി മാറി.
പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ എന്താണ് പ്രകോപനം എന്ന് കുഞ്ഞികൃഷ്ണന്‍ മറുപടി പറയണം. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്നതിന്റെ ഉദാഹരണമാണ് കുഞ്ഞികൃഷ്ണന്‍ എന്നും അദ്ദേഹം പറഞ്ഞു.