എകെജി സെൻ്റർ  Source: Facebook/ Mv Govindan
KERALA

"കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു, നേതാക്കൾക്കിടയിൽ അസംതൃപ്തിയില്ല"; തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഐഎം

പ്രചാരണങ്ങൾക്ക് പിന്നിൽ വലതുപക്ഷ മാധ്യമങ്ങളാണ് എന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കള്ളക്കഥകൾ എന്ന് സിപിഐഎം. നേതാക്കൾക്കിടയിൽ അസംതൃപ്തിയില്ലെന്നും വാർത്തകൾക്ക് പിന്നിൽ യുഡിഎഫിൻ്റെ ഭരണ പരാജയം മറക്കാനുള്ള നീക്കമാണെന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി വിട്ടുപോയി മത്സരിച്ചയാളുകളും പാർട്ടിയെ രക്ഷപ്പെടുത്താൻ എന്ന വ്യാജേന കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തളിപ്പറമ്പ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും കള്ളക്കഥകള്‍ പ്രചരിപ്പിക്കുവാനും ശ്രമം നടക്കുന്നുണ്ട്. ഇത്‌ സംബന്ധിച്ച്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധന നടത്തി ഉണ്ടായ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തമാക്കുകയും ചെയ്‌തതാണ്‌. എന്നിട്ടാണ്‌ പുതിയ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌ എന്നും സിപിഐഎം വിമർശിച്ചു.

പിഎം ശ്രീ പദ്ധതിക്കെതിരെ രംഗത്തുവന്നവര്‍ തന്നെ അതില്‍ ഒപ്പിടാന്‍ തയ്യാറായിരിക്കുകയാണ്‌ എന്ന് സിപിഐഎം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ നയങ്ങള്‍ക്കെതിരെ ഒരക്ഷരം പറയാതെ അവരുടെ നയങ്ങള്‍ യുഡിഎഫ്‌ സ്വീകരിച്ചിരിക്കുകയാണ്‌. പെട്രോളിനും പാചകവാതകത്തിനും വില വര്‍ധിപ്പിച്ചപ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്‌ എന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ്‌ സര്‍ക്കാരിൻ്റെ കാലത്ത്‌ നിരുത്തരവാദപരമായി പറഞ്ഞ പ്രസ്‌താവനകള്‍ യുഡിഎഫിന്‌ തന്നെ തിരിഞ്ഞ്‌ കുത്തുകയാണ്‌. വന്യമൃഗ ആക്രമണത്തില്‍ പാവപ്പെട്ടവര്‍ മരണപ്പെട്ടിട്ടും നിരുത്തരവാദപരമായ നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ എന്നും സിപിഐഎം പ്രസ്താവനയിൽ അറിയിച്ചു.

SCROLL FOR NEXT