കണ്ണൂർ: മുസ്ലീം ലീഗിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സിപിഐഎം നിൽക്കേണ്ടത് പോലെ നിന്നാൽ ലീഗ് ബുദ്ധിമുട്ടുമെന്നാണ് ഭീഷണി. സിപിഐഎം പ്രവർത്തകർ ഭൂമിയോളം ക്ഷമിക്കുന്നത് ദൗർബല്യമായി കാണരുതെന്നും സിപിഐഎം മറുപടി നൽകാൻ ഇറങ്ങിയാൽ ലീഗ് പ്രവർത്തകർ വീട്ടിൽ നിന്നും ഇറങ്ങില്ലെന്നും കെ.കെ. രാഗേഷിൻ്റെ ഭീഷണി. പാനൂർ പാറാട് മേഖലകളിലെ ലീഗ് സിപിഐഎം സംഘർഷങ്ങളിലായിരുന്നു രാഗേഷിൻ്റെ പ്രതികരണം. ലീഗ് തുടങ്ങിവെച്ച അക്രമം അവസാനിപ്പിക്കണമെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.
അതേസമയം, പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിയ സംഭവത്തിൽ എട്ട് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഓഫീസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ വെച്ചെന്നാണ് പൊലീസ് എഫ്ഐആർ. സിപിഐഎം മുസ്ലീം ലീഗ് സംഘർഷം ഉണ്ടായതിന് പിന്നാലെ ആയിരുന്നു തീവെപ്പ്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീലാണ് സംഭവമുണ്ടായത്. ഓഫീസിൽ ഉണ്ടായിരുന്ന കൊടികളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ച നിലയിലായിരുന്നു. പാറാട് നടന്ന സംഘർഷങ്ങൾക്കിടെ കെട്ടിടത്തിന്റെ എയർ ഹോളിലൂടെയാണ് തീയിട്ടെന്നാണ് നിഗമനം.