മുൻ എംഎൽഎ ഐഷ പോറ്റി 
KERALA

സിപിഐഎമ്മുമായുള്ള അകല്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഐഷാ പോറ്റി; എത്തുക ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍

ഐഷാ പോറ്റി കോൺഗ്രസുമായി അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസുമായി വേദി പങ്കിടുമെന്ന വാർത്തകളും പുറത്തുവരുന്നത്

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മുമായി അകല്‍ച്ചയിലുള്ള മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തും. കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് ഐഷാ പോറ്റി പങ്കെടുക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് ആണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഐഷാ പോറ്റി കോൺഗ്രസുമായി അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് വേദി പങ്കിടുമെന്ന വാർത്തകളും വരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് കാരുണ്യ സ്പര്‍ശം എന്ന പേരില്‍ കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടി നടത്താനിരുന്നത്. എന്നാൽ പരിപാടി സിവി പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടിയില്‍ എത്താമെന്ന് ഐഷ പോറ്റി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഐഎം വേദികളില്‍ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഐഷ പോറ്റി വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്നും ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ പാര്‍ട്ടിക്കകത്തുള്ള ഭിന്നതകളെ തുടര്‍ന്നാണ് മാറി നില്‍ക്കുന്നതെന്ന് അന്ന് തന്നെ വിവരങ്ങളുണ്ടായിരുന്നു. എംഎല്‍എയായിരിക്കെ മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടന പരിപാടികളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നും സൂചനയുണ്ടായിരുന്നു.

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഒഴിവാകുന്നതെന്നും അയിഷ പോറ്റി അറിയിച്ചിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല, ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെ. ജനങ്ങളെ സേവിക്കാന്‍ പൊതു പ്രവര്‍ത്തക ആകേണ്ടതില്ലെന്നും അയിഷ പോറ്റി പറഞ്ഞിരുന്നു.

SCROLL FOR NEXT