പത്തനംതിട്ട: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്ന് സിപിഐഎം. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഐഎം ആരോപിച്ചു. നാളെ ജില്ലാ കമ്മിറ്റിക്ക് ശേഷം പരാതി നൽകാനാണ് ആലോചന.
അതേസമയം, 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ നേരത്തെ ലഭിച്ച പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് കൈമാറി. വിശ്വാസത്തെ വ്രണപ്പെടുത്തിയോ എന്ന് പൊലീസ് പരിശോധിക്കും. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമാകും.
കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചത്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പത്തനംതിട്ട എസ്‌പിക്ക് കേസ് കൈമാറാനാണ് നീക്കം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.