KERALA

"ഫ്രഷ് കട്ട് സമരത്തിൽ പ്രശ്നം സൃഷ്ടിച്ചത് എസ്‌ഡിപിഐ"; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന

ജില്ലയ്ക്ക് പുറത്തുനിന്നുപോലും ക്രിമിനലുകൾ സംഘർഷം ഉണ്ടാക്കാൻ എത്തിയെന്നും സിപിഐഎം വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ ഫ്രഷ് കട്ട് അറവ് മാലിന്യ ശാലയ്‌ക്കെതിരായ സംഘര്‍ഷത്തിന് പിന്നിൽ എസ്‌ഡിപിഐ ക്രിമിനലുകളെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന. ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിച്ചത് എസ്‌ഡിപിഐ ആക്രമികളാണ് എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുപോലും ക്രിമിനലുകൾ സംഘർഷം ഉണ്ടാക്കാൻ എത്തിയെന്നും സിപിഐഎം വ്യക്തമാക്കി.

നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണിത്. വസ്തുവകകൾ അഗ്നിക്കിരയാകുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തത് പുറത്തുനിന്നെത്തിയ ഇത്തരം എസ്‌ഡിപിഐ ക്രിമിനലുകൾ ആണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും, ഫ്രഷ് കട്ടിനെതിരെ ജനങ്ങൾ നടത്തിവന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നുവെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

ഫ്രഷ് കട്ടിനെതിരായ സംഘര്‍ഷം ഗൗരവമായി പരിശോധിക്കണമെന്ന് സിപിഐഎം താമരശേരി ഏരിയ സെക്രട്ടറി കെ. ബാബു ആവശ്യപ്പെട്ടു. നിഷ്‌കളങ്കരായ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടത്തി വന്ന സമരമാണ്. എന്നാല്‍ സമരത്തിൻ്റെ മറവില്‍ സംഘര്‍ഷത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തോ എന്ന് അന്വേഷിക്കണമെന്ന് കെ. ബാബു പറഞ്ഞു. സംഘര്‍ഷത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് പ്രസിഡൻ്റ് ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

SCROLL FOR NEXT