കണ്ണൂർ: മുൻ എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായി സി.കെ.പി. പത്മനാഭൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. സി.കെ.പി. പത്മനാഭനെ കോൺഗ്രസിലെത്തിക്കാൻ സജീവ നീക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിലാണ് അനുനയ നീക്കങ്ങൾ നടക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്തും സുധാകരൻ സികെപിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
സി.കെ.പി. പത്മനാഭന് സിപിഐഎമ്മിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. പാർട്ടി നടപടി എടുത്തവരിൽ താനൊഴികെ എല്ലാവരെയും തിരിച്ചെടുത്തെന്ന് പത്മനാഭൻ പറയുന്നു. ഈ അതൃപ്തി മുതലെടുത്ത് സി.കെ.പിയെ പാർട്ടിയിലെത്തിക്കാമെന്ന പദ്ധതിയിലാണ് കോൺഗ്രസ്.
കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎമ്മിൻ്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് സികെപി പാർട്ടി വിടുന്നെന്ന സൂചന പുറത്തുവരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. അതിനിടെ ഉമ്മൻചാണ്ടി അനുസ്മരണ വേദികളിലടക്കം സജീവമായതോടെ ഐഷ പോറ്റി കോൺഗ്രസിൽ എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ നിഷേധിച്ച് കൊണ്ട് ഐഷാ പോറ്റി തന്നെ രംഗത്തെത്തിയിരുന്നു.