കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ 'പൂക്കളുടെ പുസ്തകം' എന്ന പുസ്തകത്തിലെ തെറ്റുകളിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. അശോകപുഷ്പത്തെ കുറിച്ചുള്ള അധ്യായത്തിലെ ഒരു ശ്ലോകത്തിൽ പിഴവ് സംഭവിച്ചു. മാളവികാഗ്നിമിത്രത്തിൽ നിന്ന് ഉദ്ധരിച്ച സ്ഥലത്ത് മറ്റൊരു ഭാഗത്തെ ശ്ലോകം കയറി വന്നെന്നും വിശദീകരണം. പുസ്തകം സെറ്റ് ചെയ്തപ്പോൾ ഉണ്ടായ സാങ്കേതിക പിഴവ് മാത്രമെന്നും വിക്കിപീഡിയ നോക്കിയെഴുതിയതല്ല എന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ എം. സ്വരാജ് പറഞ്ഞു.
പൂക്കളുടെ പുസ്തകത്തിന്റെ പേരിൽ അധിക്ഷേപം നടക്കുന്നുവെന്ന് പറഞ്ഞായിരുന്നു എം. സ്വരാജിൻ്റെ ഫേസ്ബുക്ക് വീഡിയോ ആരംഭിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയപ്പോൾ നിരസിച്ചു. നിരസിച്ചാലും സ്വീകരിച്ചാലും പരിഹാസിക്കണമെന്ന് മുൻകൂർ തീരുമാനിച്ചപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ അധിക്ഷേപം ഉണ്ടായെന്നും പുസ്തകം നല്ലതാണോ മോശമാണോ എന്ന് വായനക്കാർ തീരുമാനിക്കട്ടെയെന്നും എം. സ്വരാജ് പറഞ്ഞു.
അശോകപുഷ്പത്തെക്കുറിച്ച് വിശദീകരിച്ച അധ്യായത്തിൽ ഒരു ശ്ലോകത്തിൽ സാങ്കേതികമായ പിഴവ് സംഭവിച്ചെന്നാണ് എം. സ്വരാജ് അംഗീകരിച്ചത്. കാളിദാസൻ രചിച്ച മാളവികാഗ്നിമിത്രത്തിൽ നിന്ന് ഉദ്ധരിച്ച സ്ഥലത്ത് മറ്റൊരു ഭാഗത്തെ ശ്ലോകം കയറി വന്നു. പുസ്തകം സെറ്റ് ചെയ്തപ്പോൾ ഉണ്ടായ സാങ്കേതിക പിഴവ് മാത്രമാണത്. 72ാം പേജിൽ വന്ന ശ്ലോകം 73ാം പേജിൽ വരേണ്ടതായിരുന്നു. തുടർന്നുള്ള പതിപ്പുകളിൽ ഉചിതമായ സ്ഥലത്ത് ചേർക്കുമെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
പുസ്തകങ്ങളിലെ വിവരങ്ങൾ കോപ്പിയടിച്ചെന്നു പറയുന്നത് തെറ്റാണെന്ന് എം. സ്വരാജ് ചൂണ്ടിക്കാട്ടി. പുസ്തകത്തിലെ കാര്യങ്ങൾ അനുഭവങ്ങളിൽ നിന്ന് എഴുതിയതാണ്. അനുഭവങ്ങൾ ഒഴികെയുള്ള വിവരങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചതാണ്.പുസ്തകത്തിൽ തന്നെ ആ കാര്യങ്ങൾ പറയുന്നുണ്ട്. പുസ്തകം പൂർണമായും വായിച്ചവർക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.