KERALA

പൊലീസിനെ ബോംബെറിഞ്ഞ കേസ്: സിപിഐഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ

അച്ഛൻ്റെ ചികിത്സയുടെ ഭാഗമായി ഹൈക്കോടതിയാണ് അഞ്ച് ദിവസത്തേക്ക് പരോൾ അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദിന് വീണ്ടും പരോൾ. അച്ഛൻ്റെ ചികിത്സയുടെ ഭാഗമായി ഹൈക്കോടതിയാണ് അഞ്ച് ദിവസത്തേക്ക് പരോൾ അനുവദിച്ചത്. പരോൾ അപേക്ഷ സെൻട്രൽ ജയിൽ സൂപ്രണ്ട് നിരസിച്ചിരുന്നു. എന്നാൽ കോടതി പരോൾ നൽകുകയായിരുന്നു. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടി മുമ്പും നിഷാദിന് കോടതി പരോൾ അനുവദിച്ചിരുന്നു.

2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്ഐ ആയിരുന്ന കെ. പി. രാമകൃഷ്ണൻ്റെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് നിഷാദ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 20വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സ്ഫോടക വസ്തു കൈവശം വെച്ചതിന് അഞ്ചുവർഷം, സ്ഫോടക വസ്തു എറിഞ്ഞതിന് 10 വർഷം, വധശ്രമത്തിന് അഞ്ചുവർഷം എന്നിങ്ങനെയായിരുന്നു ശിക്ഷ.

എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിൻ്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും ബൈക്കിലെത്തുകയും, പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയുമായിരുന്നു.

SCROLL FOR NEXT