ആലപ്പുഴ: സിപിഐഎമ്മിനോട് ഇടഞ്ഞ് നിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഐഎം. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്.
സാധാരണ കൂടികാഴ്ച മാത്രമാണ് നടന്നതെന്നും വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്നും നാസർ കൂട്ടിച്ചേർത്തു. എച്ച്. സലാം ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളാണ് സുധാകരന്റെ വീട്ടിലെത്തിയത്. നാളെ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് അനുനയ ശ്രമം. ഇന്ന് രാത്രിയോടെ അടിയന്തര ജില്ലാ കമ്മിറ്റി യോഗംചേരും.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റെന്ന് ജി. സുധാകരൻ പ്രതികരിച്ചിരുന്നു. സിപിഐഎമ്മുമായുള്ള ഭിന്നതകൾ കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരിക്കെ നാളെ മാധ്യമങ്ങളെ കാണാനിരിക്കുകയാണ് മുതിർന്ന സിപിഐഎം നേതാവ്. പാർട്ടി അംഗത്വം പുതുക്കില്ലെന്നും എന്നാൽ പാർട്ടി അനുഭാവം ഉപേക്ഷിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.