KERALA

"പാര്‍ട്ടിയെ കാര്‍ന്നു തിന്ന ക്യാന്‍സറിനെ മുറിച്ചുമാറ്റി"; പി.കെ. ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി

ശശിയുടെ ഉള്ളില്‍ അടിഞ്ഞുകൂടിയ ദുര്‍ഗന്ധം പുറത്തുവന്ന കാഴ്ചയാണ് ഇന്ന് കണ്ടതെന്നും എന്‍.കെ. നാരായണന്‍കുട്ടി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഐഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി. പി.കെ. ശശി നടത്തിയത് തരംതാണ പ്രസ്താവനകളാണെന്നും ശശിയുടെ ഉള്ളില്‍ അടിഞ്ഞുകൂടിയ ദുര്‍ഗന്ധം പുറത്തുവന്ന കാഴ്ചയാണ് ഇന്ന് കണ്ടതെന്നും എന്‍.കെ. നാരായണന്‍കുട്ടി പറഞ്ഞു.

പാര്‍ട്ടിയെ കാര്‍ന്നു തിന്ന കാന്‍സറിനെ മുറിച്ചു മാറ്റി. ശശി എന്നയാള്‍ സെപ്റ്റിക് ടാങ്കാണ്. മണ്ണാര്‍ക്കാട്ടെ സിപിഐഎമ്മിന്റെ അടിത്തറ ശശി പോയതോടെ വര്‍ധിക്കുകയാണ് ഉണ്ടായത്. ശശി കമ്മ്യൂണിസ്റ്റല്ലെന്നും പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റിയ കള്ളനാണെന്നും എന്‍.കെ. നാരായണന്‍കുട്ടി വിമര്‍ശിച്ചു.

പാര്‍ട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് പി.കെ. ശശിയെ സിപിഐഎം പുറത്താക്കിയത്. അതേസമയം പാര്‍ട്ടി പുറത്താക്കിയാലും പോരാട്ടം തുടരുമെന്നാണ് പി.കെ. ശശിയുടെ ആദ്യ പ്രതികരണം. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം അവര്‍ക്ക് ഉണ്ടെന്നും ഇ.എന്‍. സുരേഷ് ബാബുവിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്നും സെക്രട്ടറിയെ മാറ്റിയാല്‍ പാര്‍ട്ടിക്കൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ ഉണ്ടാകുമെന്നും പി.കെ. ശശി പറഞ്ഞു. എന്നാല്‍ പി.കെ. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ശശി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായും സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവ് കൊണ്ടുവന്നാല്‍ പൊതുപ്രവര്‍ത്തന ജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

SCROLL FOR NEXT