എറണാകുളം: പറവൂരിൽ സൈബർ ആക്രമണത്തിന് എതിരായ പരിപാടിയിൽ ഒരുമിച്ചെത്തി സിപിഐഎം നേതാക്കളായ കെ.കെ.ശൈലജയും കെ.ജെ.ഷൈനും നടി റിനി ആൻ ജോർജും. പെൺകരുത്ത് എന്ന പേരിൽ സിപിഐഎം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. വേദിയിൽ നടത്തിയ പ്രസംഗത്തിൽ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് കെ.ജെ. ഷൈന്‍ റിനിയോട് അഭ്യര്‍ഥിച്ചു.
'പെണ്‍ പ്രതിരോധം' എന്ന പേരിലാലായിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ സിപിഐഎം പരിപാടി സംഘടിപ്പിച്ചത്. വടകര മണ്ഡലം സ്ഥാനാർഥിയായിരിക്കെ വലിയ തോതിൽ സൈബർ ആക്രമണത്തിന് ഇരയായ കെ.കെ. ശൈലജ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ നടി റിനി ആൻ ജോർജും പരിപാടിയിൽ സംസാരിച്ചു.
"ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്," റിനി വേദിയില്‍ പറഞ്ഞു.
അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണത്തിനും അപകീർത്തി പ്രചരണവും നടന്നിരുന്നു. പ്രസംഗത്തിനിടെ ഷൈൻ, റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഷൈനിൻ്റെ പ്രസ്താവന.