പി.കെ. ശശി 
KERALA

"മാറ്റി നിർത്തിയതിൻ്റെ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും"; പി.കെ. ശശി അനുകൂലികൾ മത്സരത്തിനിറങ്ങുന്നു; പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഐഎം

മണ്ണാർക്കാട് നഗരസഭയിൽ പി.കെ.ശശി അനുകൂലികൾ നാമനിർദേശ പ്രതിക സമർപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ അനുകൂലിക്കുന്ന സിപിഐഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കുന്നു. മണ്ണാർക്കാട് നഗരസഭയിൽ പി.കെ.ശശി അനുകൂലികൾ നാമനിർദേശ പ്രതിക സമർപ്പിച്ചു. ജനകീയ മതേതര മുന്നണിയുടെ പത്ത് സ്ഥാനാർഥികളാണ് നഗരസഭയിലേയ്ക്ക് മത്സരിക്കുക.

പാലക്കാട് ജില്ലയിൽ നേരത്തെ തന്നെ അസ്വാരസ്യം പ്രകടിപ്പിച്ചവരാണ് പി.കെ. ശശി അനുകൂലികൾ. നഗരസഭയിൽ പത്ത് സീറ്റുകളിലും, ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഒരാളെയും, കോട്ടോപ്പാടം പഞ്ചായത്തിൽ അഞ്ച് സീറ്റിലുമാണ് ഇവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പി.കെ. ശശിയെ മാറ്റി നിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥിയും എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ എ.കെ. ഷാനിഫ് പറഞ്ഞു.

എന്നാൽ പി.കെ. ശശി അനുകൂലികൾ മത്സരിക്കുന്നത് ബാധിക്കില്ലെന്ന് സിപിഐഎം പറയുന്നു. ആര് മത്സരിച്ചാലും മുന്നണിക്ക് പ്രശ്‌നമില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. ഇക്കാര്യം ഇതുവരെ ചർച്ച പോലും ചെയ്തിട്ടില്ല. പരസ്യ പ്രതികരണം പിന്നീടെന്നും ഏരിയ സെക്രട്ടറി നാരായണൻകുട്ടി പറഞ്ഞു.

SCROLL FOR NEXT