KERALA

"വലിയ മഹത്വം പറയേണ്ട... യഥാർഥ വർ​ഗവഞ്ചകർ പാർട്ടിയെ തെറ്റായി നയിച്ചവർ"; എം.വി.​ ​ഗോവിന്ദനെതിരെ ടി.കെ. ​ഗോവിന്ദൻ

ആർക്കാണ് തെറ്റ് സംഭവിച്ചതെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും എം.വി. ജയരാജൻ വ്യക്തമാക്കണമെന്നും ടി.കെ. ​ഗോവിന്ദൻ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വർ​ഗവഞ്ചകർ എന്ന എം.വി.​ ​ഗോവിന്ദൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവമായി ടി.കെ. ​ഗോവിന്ദൻ. വലിയ മഹത്വമൊന്നും എം.വി. ഗോവിന്ദൻ പറയേണ്ടതില്ലെന്നും പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർ​ഗവഞ്ചകർ എന്നും ടി.കെ. ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. തിരികെ വരാനുള്ള ചർച്ച പാർട്ടി നടത്തേണ്ടി വരും. എന്താണ് തെറ്റെന്നും ആർക്കാണ് തെറ്റ് സംഭവിച്ചതെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും എം.വി. ജയരാജൻ വ്യക്തമാക്കണമെന്നും ടി.കെ. ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

"തെറ്റ് പാർട്ടിയാണ് തിരുത്തേണ്ടത്. നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നുവരികയാണ്. എനിക്ക് തെറ്റ് പറ്റിയിട്ടില്ല. എം.വി. രാഘവൻ തിരിച്ച് വന്നത് ബോധമില്ലതെ കിടന്നപ്പോഴാണ്. സിഎംപി തിരിച്ച് വന്നത് രാഘവൻ്റെ മരണശേഷമാണ്. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർ​ഗ വഞ്ചകർ. അങ്ങനെയെങ്കിൽ ആരാണ് വർ​ഗ വഞ്ചകർ?", ടി.കെ. ​ഗോവിന്ദൻ്റെ വാക്കുകൾ.

പിഎം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിൽ എന്താണ് വിമത എംഎൽഎമാരുടെ അഭിപ്രായമെന്ന ജയരാജന്റെ ചോദ്യത്തിനും ടി.കെ. ​ഗോവിന്ദൻ മറുപടി പറഞ്ഞു. പിഎം ശ്രീയിൽ ആരാണ് ഒപ്പിട്ടത്? അത് അന്നത്തെ മന്ത്രിയാണ് ഒപ്പിട്ടത്. ഒപ്പിട്ട കരാറിൽ നിന്ന് എളുപ്പം പിൻ മാറാൻ പറ്റുമോ എന്നും ടി.കെ. ​ഗോവിന്ദൻ്റെ ചോദിച്ചു.

വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തെറ്റ് തിരുത്തിയാൽ തിരിച്ച് വരാമെന്നായിരുന്നു എം.വി. ജയരാജൻ്റെ പ്രസ്താവന. പിന്നാലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജൻ്റേതെന്ന് പാർട്ടി സെക്രട്ടറി എം.വി. ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്നും വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എം.വി. ജയരാജൻ ആദ്യം പറഞ്ഞത് മാറ്റി പറയുകയും ചെയ്തു. ഇരുവരും വർഗവഞ്ചകർ തന്നെയാണെന്നും തെറ്റ് തിരുത്തുമോ എന്ന് അവരാണെന്നുമായിരുന്നു പിന്നീടുള്ള ജയരാജൻ്റെ നിലപാട്.

ഇതിനെതിരെ വി. കുഞ്ഞികൃഷ്ണനും രം​ഗത്തെത്തിയിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും അച്ചടക്കനടപടിക്ക് കാരണമായ തെറ്റ് എന്തെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SCROLL FOR NEXT