KERALA

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സിപിഐഎം വിമതർ; 'ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി' എന്ന പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം

പുതിയ പാർട്ടിയിൽ പി.കെ. ശശിയെ ഉൾപ്പെടുത്താനുള്ള ചരടുവലികളും നടക്കുന്നുണ്ടെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ഭീഷണി ഉയർത്തി വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പാലക്കാട് കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നീക്കങ്ങൾ നടക്കുന്നത്. പുതിയ പാർട്ടിയിൽ പി.കെ. ശശിയെ ഉൾപ്പെടുത്താനുള്ള ചരടുവലികളും നടക്കുന്നുണ്ടെന്നാണ് സൂചന.

പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാനാണ് തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരുടേതാണ് സംയുക്ത നീക്കം.

അതേസമയം, സിപിഐഎം നേതാവ് പി.കെ. ശശിയെ ഒറ്റപ്പാലത്ത് സ്ഥാനാർഥിയാക്കാൻ കോൺഗ്രസും നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് എംപിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച പൂർത്തിയായി. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പി.കെ. ശശിയുടെ നാടായതിനാൽ തന്നെ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നീക്കം.

എന്നാൽ പി.കെ. ശശി വാർത്തകൾ പൂർണമായി നിഷേധിച്ചു. ചർച്ചകൾ നടന്നിട്ടില്ലെന്നും സതീശൻ പാലക്കാട് എത്തുമ്പോൾ ഒന്നും സംഭവിക്കില്ലെന്നും പി.കെ. ശശി ന്യൂസ് മലയാളത്തോട് പറഞ്ഞു. താൻ പാർട്ടി മെമ്പറും സിഐടിയു നേതാവുമാണ്. ഒരു തരത്തിലും കോൺഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ശശി പറഞ്ഞു.

SCROLL FOR NEXT