കണ്ണൂർ: പിഎസ്സി ചെയർമാനെ പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധമായ നിലപാടാണെന്ന് സിപിഐഎം. ചെയർമാനെ നീക്കം ചെയ്യണമെങ്കിൽ സുപ്രീംകോടതിയുടെ അന്വേഷണവും റിപ്പോർട്ടും ഉൾപ്പെടെയുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള പിഎസ്സിയെ അട്ടിമറിക്കാൻ ബിജെപി, ഗവർണറെ ഉപയോഗിക്കുകയാണ്, ഗവർണറെ കെട്ടിപ്പിടിച്ച് യാത്രയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും എ.വി ഗോവിന്ദൻ വിമർശിച്ചു. ഗവർണറുടെ ഈ അസാധാരണ നീക്കത്തിൽ സർക്കാരിന് പങ്കുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു
മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളിലും എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞു. ക്ലിനിക്കൽ ട്രയലിലെ ആശങ്കയാണ് പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും വീണ ജോർജും അറിയിച്ചത്. ജനറിക് മരുന്നുകൾക്കെതിരെയാണ് അവർ പറഞ്ഞത് എന്നത് വ്യാജ പ്രചരണം. പച്ചക്കള്ളം പറഞ്ഞത് ആരോഗ്യമന്ത്രിയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. 1037 ജനറിക് മരുന്നുകൾ എൽഡിഎഫ് സർക്കാർ ഉപയോഗിച്ചിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ക്ലിനിക്കൽ ട്രയൽസ് എന്നെഴുതിയ മരുന്ന് നൽകാൻ ആരാണ് അനുമതി കൊടുത്തത് ? ഇത് സംബന്ധിച്ച് ചോദിച്ച ഒരു ചോദ്യങ്ങൾക്കും സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി