നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും ജനകീയ അടിത്തറയിലുണ്ടായ വിള്ളലിനും കാരണം സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ചകളാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി നിര്‍ണയം പാളി. ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ചോർന്നതും ബിജെപി ബന്ധ ആരോപണം പ്രതിരോധിക്കാൻ കഴിയാത്തതും വൻ തിരിച്ചടിയായെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
സംസ്ഥാന നേതൃത്വത്തിന്റെ അനാസ്ഥയെയും തെറ്റായ തീരുമാനങ്ങളെയും കടുത്ത ഭാഷയിലാണ് കേന്ദ്ര കമ്മിറ്റി വിമര്‍ശിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നയപരമായ വീഴ്ചകളും വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളും പാർട്ടിയുടെ അടിത്തറ വരെ തകർക്കുന്ന കനത്ത പരാജയത്തിന് കാരണമായി. ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ അകന്നുപോയതും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾക്ക് ശക്തമായി മറുപടി നൽകാൻ കഴിയാത്തതും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനാസ്ഥയും തീരുമാനങ്ങളിലെ പാളിച്ചയും കാരണമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയത്. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കെതിരായ പ്രതികരണം ദുർബലമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന വീഴ്ചകളെക്കുറിച്ചുള്ള വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നടക്കും. സെപ്റ്റംബർ 13,14,15 തീയതികളിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലാകും സംസ്ഥാന കമ്മിറ്റി ചേരുക. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.