തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിൻ്റെ പ്രവർത്തനം മനസാക്ഷിയുള്ള ആർക്കും അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത പരാതി പരമ്പരകളാണ് രാഹുലിനെ നേരെ ഉണ്ടായത്. അതേസമയം, ഷാഫിയെ തടയണമെന്ന് ഉണ്ടായിരുന്നില്ലെന്നും, പ്രകടനത്തിൻ്റെ ഭാഗമായി അതിനിടയിലേക്ക് വന്നപ്പോൾ ഉള്ള വികാര പ്രകടനം മാത്രമാണ് അതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കേട്ടതിനേക്കാൾ കൂടുതൽ കേൾക്കാനുണ്ട് എന്നതാണ് യാഥാർഥ്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പരാതി ഉയർന്ന ഘട്ടത്തിൽ തന്നെ ഇല്ലാതാക്കാനും തേച്ചു മായ്ച്ച് കളയാനുമാണ് കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. മനസാക്ഷിയുള്ള കേരള ജനതയും സാധാരണ കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചപ്പോഴാണ് നടപടിയെ കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താൽ എല്ലാ പദവികളും ഒഴിവാക്കണമെന്നാണ് കോൺഗ്രസിൻ്റെ ഭരണഘടന എന്നാൽ അത് പാലിച്ചില്ല. സസ്പെൻഡ് ചെയ്യുമ്പോൾ കാലാവധി പറഞ്ഞിട്ടില്ല. ഇപ്പോൾ 30 ദിവസം കഴിഞ്ഞാൽ രാഹുലിനെ തിരിച്ചെടുക്കാൻ കഴിയും. രാഹുലിൻ്റെ കാര്യത്തിൽ കോൺഗ്രസിൽ ഒത്തുകളിയാണ് നടക്കുന്നതെന്നും ഗോവിന്ദൻ വിമർശനമുന്നയിച്ചു.
ക്ലിഫ്ഹൗസിൽ നടത്തിയത് കേട്ടുകേൾവിയില്ലാത്ത സമരം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതുകൊണ്ട് എന്താണ് പ്രയോജനം എന്ന് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. രാഹുൽ ചെയ്ത കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു.