കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനൊരുങ്ങി സിപിഐഎം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി പാർട്ടി. ആദ്യഘട്ട സ്ഥാനാർഥിപട്ടികയിൽ ആറുപേരാണ് ഇടംപിടിച്ചത്.
ആക്ടിങ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഗോപൻ, സംസ്ഥാന സമിതി അംഗം ചിന്ത ജെറോം എന്നിവർ പരിഗണയിലാണ്. അതേസമയം എം. മുകേഷിന് വീണ്ടും അവസരം നൽകുന്നതും സിപിഐഎം പരിഗണയിലുണ്ട്.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമാണ് എസ്. ജയമോഹൻ. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മാവേലിക്കര മുൻ എംപിയുമായിരുന്നു സി.എസ്. സുജാത. പി കെ ഗോപൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും യുവജന കമ്മീഷൻ മുൻ ചെയർപേഴ്സണുമാണ് ചിന്താ ജെറോം. രണ്ടുതവണയായി കൊല്ലം എംഎൽഎയാണ് എം. മുകേഷ്.