തൃശൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് സിപിഐഎം തൃശൂർ ജില്ല സെക്രട്ടറിയേറ്റ്. യുഡിഎഫ് തരംഗത്തിൽ പിടിച്ചുനിൽക്കാനായെങ്കിലും ജില്ലയിൽ പാർട്ടിയുടെ ജനപിന്തുണ ഇടിഞ്ഞെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇരിങ്ങാലക്കുടയിൽ ഏരിയാ കമ്മിറ്റികൾ പരാജയമാണ്. മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നിട്ടും ആർ. ബിന്ദു തൃശൂരിൽ താമസിച്ചത് തിരിച്ചടിയായി. പൊതിച്ചോറ് വിതരണം മാത്രം നടത്തുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറിയെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
2021ന് അപേക്ഷിച്ച് ജില്ലയിൽ മൂന്ന് സീറ്റുകളും ഒരു ലക്ഷത്തിലധികം വോട്ടുകളും കുറഞ്ഞത് ഗൗരവതരമാണ്. വിജയിച്ച ഒൻപത് മണ്ഡലങ്ങളിലും ലഭിച്ചതും മുൻ വർഷങ്ങളേക്കാൾ കുറഞ്ഞ വോട്ട്. സംഘടനാ ദൗർബല്യം സംഭവിച്ച രണ്ട് കമ്മിറ്റികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയും വരുത്തി. ഇരിങ്ങാലക്കുടയിൽ യുഡിഎഫിന്റെ അനൈക്യവും കോൺഗ്രസ് നേതാവ് ജാക്സൺ എതിരെയുള്ള വിവാദങ്ങളും മുതലാക്കാനായില്ല. തൃശൂർ ഏരിയ കമ്മറ്റിക്ക് കീഴിൽ 10 ബൂത്തുകളിൽ അമ്പതിൽ താഴെ ലഭിച്ച വോട്ടുകൾ വ്യക്തമാക്കുന്നത് സംഘടനാ ദൗർബല്യമാണെന്നും വിമർശനം.
സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ.ആ.ർ ജയാനന്ദയെ രക്തസാക്ഷിയാക്കി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം.