പി. ജയരാജൻ Source: ഫയൽ ചിത്രം
KERALA

"സർക്കാർ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല"; ഡിജിപി നിയമന വിവാദത്തിൽ വിശദീകരണവുമായി പി. ജയരാജൻ

തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും പി. ജയരാജൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലെ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. താൻ സംസാരിച്ചത് റവഡ ചന്ദ്രശേഖറിന്റെ നിയമനത്തെ അംഗീകരിച്ച് തന്നെയാണ്. മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാർ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും പി. ജയരാജൻ പറഞ്ഞു.

"സർക്കാരിൻ്റെ തീരുമാനത്തിൽ മറുപടി പറയേണ്ടത് സർക്കാരാണ്. പാർട്ടിയല്ല സർക്കാരിനോട് നിർദേശിക്കേണ്ടത്. കേന്ദ്ര സർക്കാർ നിർദേശിച്ച മൂന്ന് പേരുകളിൽ ഒരാളെ മെറിറ്റ് അടിസ്ഥാനത്തിൽ നിയമിച്ചു. അതിനെതിരായ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. വലതുപക്ഷ മാധ്യമങ്ങൾ എക്കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടത്തിയിട്ടുണ്ട്. ഡിജിപിയായി ആരെ സർക്കാർ നിയമിക്കണമെന്നാണ് ഇപ്പോൾ ഇത്തരം മാധ്യമങ്ങൾ പറയുന്നത്. അങ്ങനെ നിർദേശം നൽകാൻ പാർട്ടി തീരുമാനിച്ചിട്ടില്ല", പി. ജയരാജൻ.

കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായ കാലത്ത് കണ്ണൂർ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ ഫുതിയ പൊലീസ് മേധാവിയായി നിയമിച്ചതിൽ പി. ജയരാജൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഘർഷത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ റവാഡയുണ്ടായിരുന്നു. മന്ത്രി എത്തിയതിനെ തുടർന്നാണ് കൂത്തുപറമ്പില്‍ സംഘർഷം രൂക്ഷമായതെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു. അപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. റവാഡ ചന്ദ്രശേഖർ ഒറ്റയ്ക്കല്ല മറ്റ് ഉദ്യോഗസ്ഥർകൂടി ചേർന്നാണ് അന്ന് ലാത്തിച്ചാർജും വെടിവെപ്പും ഉൾപ്പെടുന്ന സംഘർഷം ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം, റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലെ പി. ജയരാജൻ്റെ അഭിപ്രായ പ്രകടനത്തിന് പിന്തുണയുമായി സാമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ജയരാജൻ്റേത് ധീരമായ നിലപാടെന്നും അധികാരം തലക്കുപിടിച്ച് രക്തസാക്ഷികളെ മറക്കരുതെന്നുമാണ് പോസ്റ്റുകളിൽ പറയുന്നത്. ആരൊക്കെ തലമറന്ന് എണ്ണ തേച്ചാലും രക്തസാക്ഷിത്വത്തേക്കാൾ വലിയ ത്യാഗമില്ലെന്നുമാണ് പോസ്റ്റുകളിൽ പറയുന്നത്.

SCROLL FOR NEXT