പാലക്കാട്: അറസ്റ്റിലായ എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം നേതാവ് പി. സരിൻ. കളങ്കാവലിൻ്റെ ഇടം-വലം കാവലുകൾ എന്നാണ് സരിൻ്റെ പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഷാഫി പറമ്പിൽ എംപി, വി.കെ. ശ്രീകണ്ഠൻ എംപി, വി.ടി. ബൽറാം എന്നിവർ നിൽക്കുന്ന ഫോട്ടോ കൂടി പങ്കുവച്ചാണ് പി. സരിൻ്റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തപ്പോഴും ഫേസ്ബുക്ക് പോസ്റ്റുമായി സരിനെത്തിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദം കൂടി സൂചിപ്പിച്ച് കൊണ്ടായിരുന്നു സരിൻ്റെ പോസ്റ്റ്.
സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോൾ ഒരു നീലപ്പെട്ടി കയ്യിൽ കരുതാറുണ്ടല്ലോ. സാരമില്ല, തൊണ്ടിമുതലിന്‍റെ കൂട്ടത്തിൽ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. പീഡനക്കേസിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് പാലക്കാട്ടെ കെപിഎം റീജിയൻസിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കോൺഗ്രസ് നേതാക്കൾ കള്ളപ്പണ ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്നും അർധരാത്രിയിലായിരിന്നു കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഇതേ ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.