Source: Files
KERALA

"എ. പത്മകുമാര്‍ പാര്‍ട്ടിയുടെ അന്തകന്‍"; കടുത്ത നടപടി ഇല്ലാത്തതിൽ അംഗങ്ങൾക്ക് അമർഷം

സസ്പെൻഷൻ നടപടി മാത്രമെങ്കിൽ അത് നേരത്തെ ആകാമായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ സസ്പെൻഷനിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വ്യത്യസ്ത അഭിപ്രായം. പത്മകുമാറിനെ പുറത്താക്കണമെന്ന് ചില ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. സസ്പെൻഷൻ നടപടി മാത്രമെങ്കിൽ അത് നേരത്തെ ആകാമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

സെക്രട്ടറിയേറ്റിലും അംഗങ്ങൾ എതിർപ്പോടെയാണ് പാർട്ടി തീരുമാനം അംഗീകരിച്ചത്. പത്മകുമാറിനെതിരെ കനത്ത നടപടിയില്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്ന് അംഗങ്ങൾ അറിയിച്ചപ്പോൾ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ പുറത്താക്കുമെന്ന് തീരുമാനത്തിൽ നേതൃത്വം എത്തുകയായിരുന്നു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് എ. പത്മകുമാറിനെതിരെ പാർട്ടി നടപടി എടുത്തത്.

2025 നവംബർ 20നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പത്മകുമാർ കേസിൽ എട്ടാം പ്രതിയാണ്. ശബരിമലയിൽ കവർച്ച നടന്നത് പത്മകുമാറിൻ്റെ അറിവോടുകൂടിയാണ് എന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞദിവസം എ. പത്മകുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നും, ശേഷം തന്നെ രേഖകളിൽ തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായത് എന്നും പത്മകുമാർ വെളിപ്പെടുത്തിയിരുന്നു.

ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റിനിർത്തി. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് ഇതിന് പിന്നിലെന്നും പത്മകുമാർ പറഞ്ഞിരുന്നു.

SCROLL FOR NEXT