പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും പ്രതിയുമായ എ. പത്മകുമാർ. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നും, ശേഷം തന്നെ രേഖകളിൽ തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായത് എന്നും പത്മകുമാർ വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാർ വെളിപ്പെടുത്തൽ നടത്തിയത്.
യുവതീപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി.
ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് ഇതിന് പിന്നിലെന്നും പത്മകുമാർ പറഞ്ഞു.
അതേസമയം, നാളെയാണ് സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി ഒഴിവാക്കാനുള്ള പത്മകുമാറിൻ്റെ തന്ത്രമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിച്ചു.