KERALA

കഥകളി ഫ്യൂഷനും ഹോളിയും നൃത്താവിഷ്കാരവും; ക്രാഫ്റ്റ്‌സ് വില്ലേജിൽ 'WOW' വുമൺസ് വീക്ക് ആഘോഷങ്ങൾ 6ന് ആരംഭിക്കും

മാർച്ച് 6 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കലാവിരുന്നുകളാണ് വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് 'വൗ' വുമൺസ് വീക്ക് ആഘോഷങ്ങളുമായി കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. പൈതൃകത്തിന പെരുമയും ആധുനികതയുടെ ആവേശവും സമന്വയിപ്പിച്ചുകൊണ്ട്, ടിക്കർ ഇവൻ്റ്സുമായി സഹകരിച്ച് മാർച്ച് 6 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കലാവിരുന്നുകളാണ് വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.

മാർച്ച് 6-ന് അരങ്ങേറുന്ന 'ഗോസിപ്പ്' എന്ന തിയേറ്റർ ഡാൻസിലൂടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. കഥകളിയുടെ ആഢ്യത്തവും സമകാലീന നൃത്തത്തിൻ്റെ ലാളിത്യവും തമ്മിലുള്ള ഒരു അപൂർവ സംവാദമാണ് ഈ നൃത്തരൂപം. പൂർണ വേഷത്തിലുള്ള കഥകളി കലാകാരനും ആധുനിക നർത്തകരും അണിനിരക്കുന്ന ഈ ആവിഷ്കാരം, കലയിലെ പാരമ്പര്യം എന്നത് നിശ്ചലമായ ഒന്നല്ലെന്നും അത് നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും ഓർമിപ്പിക്കുന്നു.

പഴമയും പുതുമയും തമ്മിലുള്ള ഈ രസകരമായ സമാഗമം കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക എന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസ‍ർ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. തുടർന്ന് മാർച്ച് 7-ന് ഹോളി ആഘോഷങ്ങളുടെ ഭാഗമായി 'രംഗോത്സവ് 2026' അരങ്ങേറും. ആധുനിക സംഗീതത്തിൻ്റെയും പരമ്പരാഗത താളങ്ങളുടെയും സമന്വയമാണ് ഇവിടെ ഒരുക്കുക. ലൈവ് ഡിജെ , ഡോൾ മേളം, ലേസർ ദർബുക തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ഫോം പാർട്ടി , റെയിൻ ഡാൻസ് എന്നിവയ്‌ക്കൊപ്പം സെൽഫി പോയിന്റുകളും ഗെയിമുകളും ഭക്ഷണ സ്റ്റാളുകളും ഉൾപ്പെടുന്ന ഈ ഉത്സവം കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകും. പരിസ്ഥിതി സൗഹൃദമായ ഹെർബൽ നിറങ്ങൾ മാത്രമാണ് ആഘോഷത്തിനായി ഉപയോഗിക്കുന്നതെന്നും ശ്രീപ്രസാദ് വ്യക്തമാക്കി.

ആഘോഷ പരമ്പരയുടെ സമാപനമായ മാർച്ച് 8-ന് രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കിയുള്ള ബൃഹത്തായ തിയേറ്റർ നൃത്തരൂപം അരങ്ങേറും. രവിവർമ്മയുടെ വിഖ്യാത ചിത്രമായ 'എ ഗാലക്സി ഓഫ് മ്യൂസിഷ്യൻസ്' എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ഈ നൃത്തശില്പം ഒരുങ്ങുന്നത്. ഭാരതീയ സ്ത്രീത്വത്തിൻ്റെ വിവിധ ഭാവങ്ങളെയും ദേശീയ ഐക്യത്തെയും വസ്ത്രലാവണ്യത്തിലൂടെയും ചടുലമായ ചുവടുകളിലൂടെയും വേദിയിൽ പുനർനിർമ്മിച്ചുകൊണ്ട് വനിതാ ദിനത്തിന് ഉചിതമായ ഒരു ആദരമായി ഈ പരിപാടി മാറും

SCROLL FOR NEXT