തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പിഎസ്‌സി അംഗങ്ങൾക്ക് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരെ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‍സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പിഎസ്‍സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു.
അന്വേഷണത്തോട് പിഎസ്‍സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്നായിരുന്നു പിഎസ്‍സി വാദം. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്ന പിഎസ്‍സിയുടെ ഹർജിയിൽ പിഎസ്‍സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥിയെ കക്ഷിയാക്കി.