കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച അതുല്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ആരോപണം ഉയർന്നതിന് പിന്നാലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കാനിരുന്നതിൻ്റെ തലേദിവസമാണ് അതുല്യ ജീവനൊടുക്കിയത്. അന്ന് രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
ഭർത്താവില്‍ നിന്ന് നേരിട്ടിരുന്ന പീഡനങ്ങള്‍ പറയുമായിരുന്നുവെന്ന് അതുല്യയുടെ അമ്മ പറഞ്ഞിരുന്നു. വിവാഹ ബന്ധം ഒഴിയാം എന്ന് മകളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാം എന്ന് അതുല്യ പറഞ്ഞതായും അമ്മ പറഞ്ഞു. കുഞ്ഞിന് ചെലവിനുള്ള പണത്തിന് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചത്. നേരത്തെ സതീഷിനെതിരെ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നതായും അതുല്യയുടെ അമ്മ പറയുന്നു.
മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ പിതാവും പ്രതികരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച രാജശേഖരന്‍ പിള്ള മകളുടെ ഭർത്താവ് സതീഷ് മദ്യപാനിയായിരുന്നു എന്നും അക്രമാസക്തനായിരുന്നെന്നും പറയുന്നു. സതീഷ് മർദിക്കുന്നതിൻ്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചു നല്‍കിയിരുന്നു.