കൊച്ചി: 2023ലെ ഫെഡറൽ ബാങ്ക് തട്ടിപ്പിൽ കൂടുതൽ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച്. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി അസം സ്വദേശി ഷിറാജുൽ ഇസ്ലാമിനെ ചോദ്യം ചെയ്തതിൽ തട്ടിപ്പിന് പിന്നിൽ കൂടുൽ പേരുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അഞ്ഞൂറിലേറെ പേരുടെ വ്യാജ പാൻകാർഡുകൾ തയ്യാറാക്കി 27 കോടി രൂപയാണ് സംഘം തട്ടിയത്. ഫെഡറൽ ബാങ്കിന്റെ സ്‌കാൽപ്പിയ ആപ്പ് വഴി വ്യാജരേഖകൾ സമർപ്പിച്ച് ലോണെടുത്തായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസമാണ് അസമിലെ ബെൽഗുരി സ്വദേശി ഷിറാജുൽ ഇസ്ലാമിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൊച്ചിയിൽ നിന്നും പിടികൂടിയത്. അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡിവൈഎസ്പി വി. റോയിയുടെ നേതൃത്വത്തില്‍ പതിനഞ്ച് ദിവസത്തിലേറെ അസാമില്‍ തങ്ങി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന്‍റെ തലവനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
ഫെഡറല്‍ ബാങ്കിന്‍റെ സ്കാല്‍പിയ ആപ്പ് വഴിയായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്. മികച്ച സിബില്‍ സ്കോറുള്ളവര്‍ക്ക് ആപ്പ് വഴി വീഡിയോ കെവൈസി പൂര്‍ത്തിയാക്കി ലോണ്‍ നല്‍കും. ഈ സൗകര്യത്തെ മറയാക്കിയായിരുന്നു തട്ടിപ്പ്. മികച്ച സിബില്‍ സ്കോറുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച തട്ടിപ്പ് സംഘം അവരുടെ പാന്‍കാര്‍ഡിലെ ചിത്രങ്ങള്‍ക്ക് പകരം പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും. ഈ രേഖയാകും ലോണിനായി അപേക്ഷിക്കുമ്പോള്‍ അപ്ലോഡ് ചെയ്യുക.
പേരും മേല്‍വിലാസവും യഥാര്‍ഥ ഉടമയുടേത്. മറ്റ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്‍റേത്. വീഡിയോ കെവൈസിയില്‍ ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും തട്ടിപ്പ് സംഘാംഗം. ഇങ്ങനെ അഞ്ഞൂറിലേറെ പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ സജ്ജമാക്കിയാണ് 27 കോടി രൂപ ഷിറാജുള്‍ ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ തട്ടിയത്. ഷിറാജുള്‍ മാത്രം നാലര കോടിരൂപയാണ് തട്ടിയെടുത്തത്.
സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. എസ്പി എന്‍. രാജേഷിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം. അസമില്‍ മുറിഗാവ് ജില്ലയില്‍ ബോവല്‍ഗിരി എന്ന സ്ഥലത്തായിരുന്നു ഷിറാജുലിന്‍റെ താമസം. രണ്ടായിരത്തിലേറെ കോഴികളടങ്ങിയ ഫാമും കൊട്ടാരം പോലെയുള്ള വീടുമടക്കം ഷിറാജുല്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. അസാമില്‍ സമാനമായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ഷിറാജുല്‍.