കണ്ണൂർ: സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും വിമർശനം. ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പിണറായിക്കും പാളിയെന്ന് പ്രതിനിധികൾ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായ പൊതുചർച്ചയിൽ വിമർശനം ഉന്നയിച്ചു. കൃത്യമായ സമയങ്ങളിൽ ഇതുസംബന്ധിച്ച് വിശദീകരിച്ച് പോകണമായിരുന്നു. സിഎംആർഎൽ-എക്സാലോജിക് കേസിൽ യഥാസമയം പ്രതികരിക്കാത്തത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും, കണ്ണൂരിലെ പരാജയത്തിന് കാരണമായെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായി.
പിണറായി വിഷയങ്ങളിൽ പ്രതികരിക്കാതിരുന്നത് രാഷ്ട്രീയ എതിരാളികൾ കൂടുതൽ കരുത്തോടെ പിണറായിക്കും സിപിഐഎമ്മിനുമെതിരെ ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായി. അത്തരത്തിൽ നിരന്തരം കാര്യങ്ങളുണ്ടാകുകയും പിണറായി യഥാസമയം പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ അണികൾ ഉൾപ്പെടെ പുറത്തുവരുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന ചിന്തയിലേക്ക് പോയി എന്ന നിലയ്ക്കാണ് വിമർശനം ഉയരുന്നത്.
നേരത്തെ കണ്ണൂരിലെ പരാജയവുമായി ബന്ധപ്പെട്ടും പല കാര്യങ്ങളിലും കൃത്യമായ സമയത്ത് പ്രതിരോധം തീർക്കാൻ പാർട്ടിക്ക് സാധിക്കാത്തതാണ് പരാജയകാരണം എന്ന വിമർശനം ഉയർന്നിരുന്നു. പ്രത്യേകിച്ച് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെയും ടി.ഐ. മധുസൂദനനെതിരെയുമൊക്കെ പ്രചരണം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാനും എന്താണ് സത്യാവസ്ഥ എന്ന് ബോധിപ്പിക്കാനും സിപിഐഎമ്മിന് സാധിച്ചില്ല എന്ന സ്വയം വിമർശനവും നിലനിൽക്കുന്നുണ്ട്. മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചത് ശൈലജയെ ഒതുക്കാനാണെന്ന പ്രചരണവും പാർട്ടി പ്രതിരോധിച്ചില്ലെന്നും വിമർശനം ഉയർന്നിരുന്നു.