KERALA

കിടത്തി ചികിത്സയില്ലാതെ മെഡിക്കൽ കോളേജാകില്ല; കാസർഗോഡ് മെഡി. കോളേജ് എംബിബിഎസ് കോഴ്സ് ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രിക്ക് വിമർശനം

നാട്ടുകാർക്ക് ഉപകാരമില്ലാത്ത ആശുപത്രിയാണ് മെഡിക്കൽ കോളേജെന്നായിരുന്നു എംഎൽഎയുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മെഡിക്കൽ കോളേജ് എംബിബിഎസ് കോഴ്സ് ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രിയെ വേദിയിലിരുത്തി എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ വിമർശനം. നാട്ടുകാർക്ക് ഉപകാരമില്ലാത്ത ആശുപത്രിയാണ് മെഡിക്കൽ കോളേജെന്നായിരുന്നു എംഎൽഎയുടെ വിമർശനം. കിടത്തി ചികിത്സയില്ലാതെ മെഡിക്കൽ കോളേജാകില്ല. പഠിക്കാനും പഠിപ്പിക്കാനും മാത്രമായി കെട്ടിടങ്ങൾ മാറരുത്. മന്ത്രി ഇതിന് നേരെ കണ്ണടയ്ക്കരുതെന്നും എയിംസ് കാസർഗോഡ് തന്നെ അനുവദിക്കണമെന്നും കാസർഗോഡ് എംഎൽഎ പറഞ്ഞു.

എന്നാൽ കാസർഗോഡിനോട് ഒരു അവഗണയുമില്ലെന്ന് ആരോഗ്യ മന്ത്രി വേദിയിൽ പ്രതികരിച്ചു. കിടത്തി ചികിത്സ ഉടൻ ആരംഭിക്കുമെന്നതിൽ സംശയം വേണ്ടെന്നും മന്ത്രി വീണാ ജോർജ് ഉറപ്പുനൽകി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സ് തുടങ്ങുന്നത്. ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പരിപാടിയും ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഒപി വിഭാഗം മാത്രമാണിവിടെ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റാണ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിച്ചത്. സംസ്ഥാന ക്വാട്ടയിലും അഖിലേന്ത്യാ ക്വാട്ടയിലുമായി 40 പേർ ഇതിനകം പ്രവേശനം നേടി. ബാക്കിയുള്ള ഒൻപത് സീറ്റുകളിലേക്ക് അടുത്ത അലോട്‌മെന്റിൽ വിദ്യാർഥികളെത്തും. ഹയർ ഒപ്ഷൻ നൽകിയിട്ടുള്ളതിനനുസരിച്ച് അലോട്‌മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ വിദ്യാർഥികൾ വരികയും പോകുകയും ചെയ്യും.

അക്കാദമിക ബ്ലോക്ക്, പെൺകുട്ടികളുടെ ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയായി. വൈദ്യുതീകരണ ജോലികൾ ബാക്കിയുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പണി പൂർത്തിയാക്കണം. ആൺകുട്ടികളുടെ ഹോസ്റ്റലും അനധ്യാപക ക്വാർട്ടേഴ്സുകളും പണിയണം. വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ പൂർണസജ്ജമാകുന്നതുവരെ ചെർക്കളയിൽ താത്കാലിക ഹോസ്റ്റൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

SCROLL FOR NEXT