കൊച്ചി: ശബരിമല സ്വർണപീഠത്തെ കുറിച്ചുള്ള വിവാദം കനക്കുന്നതിനിടെ ന്യൂസ് മലയാളത്തോട് പ്രതികരിച്ച് നടൻ ജയറാം. ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതത് ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചത് കൊണ്ടാണെന്നും, അയാളുമായിട്ട് തനിക്ക് അടുത്ത ബന്ധമില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളത്. ഇങ്ങനെയൊക്കെ ആകുമെന്ന് അറിയില്ലായിരുന്നുവെന്നും ജയറാം ന്യൂസ് മലയാളത്തോട് പറഞ്ഞു.
ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിലാണ് പൂജ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റി പല പരിപാടികൾക്കും വിളിക്കാറുണ്ടെന്നും ശബരിമലയിൽ മേളം നടത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു. അഞ്ചുവർഷം മുമ്പാണ് പൂജ നടന്നത്. ഇപ്പോഴിത് വിവാദമാകുമെന്ന് കരുതിയില്ലെന്നും ജയറാം വ്യക്തമാക്കി.
ചെന്നൈയിൽ വച്ച് നടന്ന പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജയറാമിൻ്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ ബാംഗളൂരിൽ നിന്നും ചിലർ വിളിച്ചു പറഞ്ഞതുകൊണ്ടാണ് പോയതെന്നും ജയറാം വ്യക്തമാക്കി. ശബരിമല ശ്രീകോവിലിൻ്റെ കവാട മാതൃക വെച്ചുള്ള പൂജയുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സ്വർണം പൂശിയ കവാടമെന്നും ഉടൻ ശബരിമലയിലെത്തിക്കുമെന്നും പൂജയ്ക്ക് ശേഷം ജയറാം പ്രതികരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.
2019 ൽ നടന്ന പൂജയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി പേർ പൂജയിൽ പങ്കെടുത്തതിൻ്റെയും ദൃശ്യങ്ങളിലുണ്ട്. സിനിമാ താരങ്ങൾ ബിസിനസുകാർ തുടങ്ങി പ്രമുഖ വ്യക്തികളെ പൂജയിൽ പങ്കെടുപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി സാമ്പത്തിക ലാഭം കൊയ്തിട്ടുണ്ടെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. അയ്യപ്പ ഭജന പാടുന്നതിൽ പ്രമുഖനായ വീരമണി രാജുവും ജയറാമിനൊപ്പമുണ്ടായിരുന്നു. പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത നേടിയാണ് ഇത്തരം പൂജകൾ സംഘടിപ്പിക്കുന്നത് എന്നതാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.