തെയ്യക്കാവുകളിൽ നിന്നും Source: News Malayalam 24x7
KERALA

തെയ്യത്തെ മറച്ച് മൊബൈൽ ക്യാമറകൾ; തെയ്യക്കാവുകളിലെ വീഡിയോ, ഫോട്ടോ ചിത്രീകരണത്തിൽ വിമർശനം; പൂർണമായും നിരോധിക്കാൻ ആലോചന

ആചാരങ്ങളും ചടങ്ങുകളും മാറ്റി വെച്ച് തെയ്യത്തെ വിനോദോപാധി മാത്രമാക്കി മാറ്റുന്നുവെന്നാണ് പ്രധാന പരാതി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തെയ്യക്കാവുകളിലെ അനിയന്ത്രിത വീഡിയോ, ഫോട്ടോ ചിത്രീകരണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി വിശ്വാസികളും തെയ്യം ആരാധകരും. ആചാരങ്ങളും ചടങ്ങുകളും മാറ്റി വെച്ച് തെയ്യത്തെ വിനോദോപാധി മാത്രമാക്കി മാറ്റുന്നുവെന്നാണ് പ്രധാന പരാതി. പല കാവുകളും തെയ്യം ചിത്രീകരിക്കുന്നത് പൂർണമായും നിരോധിക്കാനുള്ള നീക്കത്തിലാണ്.

കാഴ്ചയ്ക്കപ്പുറം മലബാറിന് തെയ്യം ഒരു സംസ്കാരമാണ്. ആചാരങ്ങളും അനുഷ്ഠനങ്ങളും പൂർണ്ണമായും പാലിക്കണമെന്നത് പ്രദേശികമായുള്ള നിർബന്ധവും. എന്നാൽ തെയ്യക്കാവുകളിലിപ്പോൾ കാര്യങ്ങൾ തിരിച്ചാണെന്ന വ്യാപക വിമർശനമുയരുകയാണ്.

തെയ്യം കാണാനെത്തുന്ന ആളുകൾ ഉയർത്തിപ്പിടിച്ച ക്യാമറകളും ഫോണുകളും മാത്രം കണ്ട് നിരാശരാകേണ്ട അവസ്ഥ. പലപ്പോഴും തെയ്യത്തിന് ചുവട് വെക്കാനോ ചടങ്ങുകൾ സൗകര്യപ്രദമായി ചെയ്യാനോ സാധിക്കുന്നില്ല. ആചാരങ്ങളുടെ ഭാഗമായ സ്ഥാനങ്ങളിലും പള്ളിയറകളുടെ ഭിത്തിയിലുമടക്കം കയറി നിന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നു. തെയ്യം ഒരുങ്ങുന്ന ഇടങ്ങളിൽ പോലും ഒരു നിഷ്ഠയുമില്ലാതെ കയറിച്ചെന്ന് ചിത്രീകരണം നടത്തുന്നത് കഠിന വ്രതത്തോടെ തെയ്യം കെട്ടുന്ന കലാകാരന്മാർക്കും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

കണ്ടനാർ കേളൻ ഉൾപ്പെടെ അഗ്നിയുമായി ബന്ധപ്പെട്ട തെയ്യങ്ങൾക്കാണ് വലിയ വെല്ലുവിളി. തെയ്യങ്ങളുടെ വീഡിയോ വലിയ പ്രചാരം നേടുന്നതിനാൽ മത്സരമാണ് എല്ലായിടത്തും. ഇതിനിടയിൽ തെയ്യം കാണുന്നതിന് മാത്രമായി ആളുകളെ എത്തിക്കുന്ന ഏജൻസികൾ സജീവമായതിനെതിരെയും പരാതിയുമുണ്ട്. ഇതോടെ തറവാട്ടുകാവുകൾ ഉൾപ്പെടെ കർശന നിർദേശങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങി. ചിത്രീകരണം പൂർണമായും നിരോധിച്ചെന്ന് പല കാവുകളും അറിയിക്കുകയാണ് ഇപ്പോൾ. കളിയാട്ടത്തിന്റെ നോട്ടീസുകളിൽ തന്നെ ഇക്കാര്യം ഉൾപ്പെടുത്താനുള്ള ആലോചനകളും പലയിടത്തും സജീവമാണ്.

SCROLL FOR NEXT