Source: News Malayalam 24x7
KERALA

കടുത്ത ശ്വാസതടസവുമായി യുവാവ് മിനിറ്റുകളോളം വരാന്തയിൽ; വിളപ്പിൽശാല ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യം പുറത്ത്

ആശുപത്രിയിൽ എത്തിച്ച് മിനിറ്റുകളോളം രോഗി പുറത്ത് തന്നെ നിന്നിട്ടും അടിയന്തര ചികിത്സാ സഹായം നൽകിയില്ല...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് എതിരായ ചികിത്സാ പിഴവ് ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യം പുറത്ത്. ആശുപത്രിയിൽ എത്തിച്ച് മിനിറ്റുകളോളം രോഗി പുറത്ത് തന്നെ നിന്നിട്ടും അടിയന്തര ചികിത്സാ സഹായം നൽകിയില്ല. ആശുപത്രിയിൽ എത്തിച്ച് മിനിറ്റുകളോളം രോഗി പുറത്ത് തന്നെ തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ജീവനക്കാരെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നില്ല. കൊല്ലംകോണം സ്വദേശി ബിസ്മീർ മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖ്യമന്ത്രിക്കും ഡിഎംഒയ്ക്കും കുടുംബം പരാതി നൽകും.

കഴിഞ്ഞ 19നാണ് ശ്വാസ തടസത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. പക്ഷേ ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ, സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 20 മിനിറ്റ് മുന്നേ രോഗി മരിച്ചു എന്നാണ് കുടുംബത്തെ അറിയിച്ചത്. ആശുപത്രിയിൽ വീഴ്ചകൾ തുടർക്കഥയാണെന്നും ആരോപണമുണ്ട്. സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മീർ.

അതേസമയം, പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നാണ് വിളപ്പിൽശാല ആശുപത്രി അധികൃതർ പറയുന്നത്. കൂടുതൽ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും വിശദീകരണമുണ്ട്.

SCROLL FOR NEXT