Source: News Malayalam 24x7
KERALA

"മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പ് ഭീഷണി"; വടകരയിലെ 25കാരൻ്റെ തിരോധാനത്തിൽ നിർണായക ഫോൺ സന്ദേശം പുറത്ത്

ലോൺ ആപ്പ് ഭീഷണിയെ കുറിച്ച് സഹോദരന് അയച്ച സന്ദേശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകരയിൽ 25കാരനെ കാണാതായതിന് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന ആരോപണം അടിവരയിടുന്ന തെളിവുകൾ പുറത്ത്. ലോൺ ആപ്പ് ഭീഷണിയെ കുറിച്ച് സഹോദരന് അയച്ച സന്ദേശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും വിഷ്ണു ചാറ്റിൽ വെളിപ്പെടുത്തി.

വിഷ്ണു ജിയോയിൽ ഗ്രൗണ്ട് സ്റ്റാഫായി വർക്ക് ചെയ്യുന്ന സമയത്ത് ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടതോടെ വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് പല ഭാഗത്ത് നിന്നായി ആളുകൾ വിഷ്ണുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ബന്ധുക്കളെ വിളിക്കുമെന്നും വീട്ടിലേക്കെത്തുമെന്നും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞും ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്ണുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയ അവസ്ഥയിൽ വിഷ്ണു പണമടയ്ക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് പരിചയക്കാരെയും ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് വിഷ്ണു സഹോദരനോട് പറഞ്ഞതിൻ്റെ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ മാസം 13ാം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയിൽ താൻ കോഴിക്കോടേക്ക് പോകുകയാണ് വൈകി മാത്രമേ എത്തുകയുള്ളൂവെന്ന് വിഷ്ണു ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊലീസിൻ്റെ അന്വേഷണത്തിൽ കാസർഗോഡാണ് അവസാനമായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താനായത്.

SCROLL FOR NEXT