തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. എന്നാൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.
പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. അതേസമയം തന്ത്രി കുടുംബത്തിലേക്കും സംശയമുന നീട്ടുന്നതാണ് പത്മകുമാറിന്റെ മൊഴികളെന്നാണ് സൂചന.
മുൻ എംഎൽഎയും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെ അറസ്റ്റ് ചെയ്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പലവിധ പ്രതിസന്ധിയില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വീണ് കിട്ടിയ അവസരമായി പത്മകുമാറിൻ്റെ അറസ്റ്റ്. ശബരിമല പ്രക്ഷോഭകാലം ബിജെപി മുതലെടുത്തത് മുന്‍കൂട്ടി കണ്ട് കൊണ്ടാവണം ഇത്തവണ ഒരുപടി മുന്നേ വിഷയത്തില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്.