തദ്ദേശ തെരഞ്ഞെടുപ്പിൽ പത്മകുമാറിൻ്റെ അറസ്റ്റ് ആയുധമാക്കാൻ പ്രതിപക്ഷം; ഒരു നേതാവിനെയും സംരക്ഷിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം

പത്തനംതിട്ടയിലെ സിപിഐഎമ്മിന്‍റെ മുഖം കൂടിയായ എ. പത്മകുമാറിന് കുരുക്ക് മുറുകും തോറും സിപിഐഎമ്മിന് മറുപടി പറഞ്ഞ് കൊണ്ടേയിരിക്കേണ്ടി വരും
എ. പത്മകുമാർ
എ. പത്മകുമാർ
Published on
Updated on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ എംഎൽഎയും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെ അറസ്റ്റ് ചെയ്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. സ്വര്‍ണക്കൊള്ളയില്‍ ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിരന്തരം ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍.

നേതാക്കളുടെ ജീവനൊടുക്കൽ പ്രതിരോധത്തിലാക്കിയ ബിജെപി നേതൃത്വം സ്വര്‍ണക്കൊള്ളയിലൂന്നിയുള്ള പ്രചാരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കൊപ്പം തെറ്റ് ചെയ്ത ഒരു നേതാവിനെയും സംരക്ഷിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാടെന്ന പ്രചാരണത്തിലൂടെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ അതിജീവിക്കാന്‍ കഴിയും എന്നതാണ് സിപിഐഎം പ്രതീക്ഷ.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ വലയില്‍ കുരുങ്ങിയ പത്മകുമാറിന്‍റെ വിശേഷണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. പത്തനംതിട്ടയിലെ സിപിഐഎമ്മിന്‍റെ മുഖം കൂടിയാണ് എ. പത്മകുമാര്‍. അത് കൊണ്ട് പത്മകുമാറിന് കുരുക്ക് മുറുകും തോറും അതില്‍ സിപിഐഎമ്മിന് മറുപടി പറഞ്ഞ് കൊണ്ടേയിരിക്കേണ്ടി വരും.

എ. പത്മകുമാർ
ആന്തൂരിലും മലപ്പട്ടത്തും രണ്ട് വീതം സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം സ്ഥാനാർഥികൾ

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പലവിധ പ്രതിസന്ധിയില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വീണ് കിട്ടിയ അവസരമായി പത്മകുമാറിൻ്റെ അറസ്റ്റ്. ശബരിമല പ്രക്ഷോഭകാലം ബിജെപി മുതലെടുത്തത് മുന്‍കൂട്ടി കണ്ട് കൊണ്ടാവണം ഇത്തവണ ഒരുപടി മുന്നേ വിഷയത്തില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ശബരിമലയിലെ സ്വര്‍ണമോഷണത്തിന് പിന്നില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് തുടരുന്നത്. കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണം എത്തണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.

ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ ആത്മഹത്യയില്‍ മുഖം നഷ്ടപ്പെട്ടിരുന്ന ബിജെപി നേതൃത്വത്തിന് പത്മകുമാറിന്‍റെ അറസ്റ്റ് ഊര്‍ജ്ജമായിട്ടുണ്ട്. ശബരിമല പ്രക്ഷോഭകാലത്തിന് സമാനമായ പ്രചാരണമാണ് ബിജെപി നേതൃത്വം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തുന്നത്. അയ്യപ്പന്‍റെ സ്വത്ത് സിപിഐഎം തട്ടിയെടുത്തു എന്ന പ്രചാരണത്തിന് മുന്നില്‍ ലക്ഷ്യം വെക്കുന്ന വോട്ട് ബാങ്ക് ഏകോപിപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാടും പത്തനംതിട്ടയിലും ആത്മഹത്യകളും ഗ്രൂപ്പ് പോരും തിരിച്ചടിയായി നില്‍ക്കുമ്പോള്‍ ശബരിമലയില്‍ ഊന്നിയുള്ള പ്രചാരണത്തിന് കൂടുതല്‍ സമയം കണ്ടെത്താനാണ് ബിജെപി തീരുമാനം. സിപിഐഎം ആസൂത്രണം ചെയ്ത് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന രീതിയിലാണ് ബിജെപി വിഷയത്തെ പ്രചാരണായുധമാക്കുന്നത്.

എ. പത്മകുമാർ
അനുകൂല കോടതിവിധി ഉണ്ടായിട്ടും നോമിനേഷൻ തള്ളി; പൊട്ടിക്കരഞ്ഞ് തൃശൂരിലെ ട്വൻ്റി 20 സ്ഥാനാർഥി വിജയ ലക്ഷ്മി; പിന്നിൽ സിപിഐഎം എന്ന് ആരോപണം

പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഇന്നലത്തെ പ്രതികണമെങ്കിലും ഇന്ന് പല നേതാക്കളും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ഭരണഭരമായ വീഴ്ച തെളിഞ്ഞതിനാലാണ് പത്മകുമാറിന്‍റെ അറസ്റ്റെന്നായിരുന്നു സിപിഐഎം നേതാവ് പി. ജയരാജന്‍റെ പ്രതികരണം. വേറെ ഏത് സർക്കാർ ആണ് ഇത്തരം അന്വേഷണത്തിന് ധൈര്യം കാണിച്ചിട്ടുള്ളതെന്ന ചോദ്യമാണ് മന്ത്രി പി. രാജീവ് ഉന്നയിച്ചത്.

പി. രാജീവിന്‍റെ പ്രതികരണത്തിന് സമാനമായ പ്രതിരോധമാണ് വിഷയത്തില്‍ സിപിഐഎം സൈബര്‍ ഇടത്തിലടക്കം ഉയര്‍ത്തുന്നത്. തെറ്റ് ചെയ്തവരെയോ തെറ്റ് ചെയ്യാന്‍ കൂട്ടുനിന്നവരെയോ ആയ ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാടിന് ഏറ്റവും വലിയ തെളിവായാണ് ഇവര്‍ പത്മകുമാറിന്‍റെ അറസ്റ്റിനെ ചൂണ്ടികാട്ടുന്നത്.

ശബരിമല പ്രക്ഷോഭകാലത്തടക്കം സിപിഐഎമ്മിനെതിരെ മുനവെച്ച് പലവട്ടം പ്രതികരിച്ചയാളാണ് പത്മകുമാർ. പെന്‍ഷന്‍ തുക വര്‍ധനവും അടിസ്ഥാന സൗകര്യ വികസനവും അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com