KERALA

ഭൂട്ടാൻ വഴി വാഹനക്കടത്ത്: ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിൻ്റെയും പൃഥ്വിരാജിൻ്റെയും വീട്ടിൽ പരിശോധന

ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്നുള്ള ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ വീടുകളിലുൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധനയുമായി കംസ്റ്റസ്. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടപടി. നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വീടുകളിലും പൃഥ്വിരാജ് സുകുമാരൻ്റെ ഫ്ലാറ്റിലുമാണ് പരിശോധന നടത്തുന്നത്. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. പരിശോധനയിൽ ദുൽഖറിൻ്റെ വീട്ടിൽ നിന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ദുൽഖറിന്റെ എളംകുളത്തും എറണാകുളത്തുമുള്ള വീടുകളിലും പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. വാഹന ഇടപാടുകളുടെ രേഖകൾ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംവിധായകരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

റോയൽ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തി കൊണ്ട് വന്ന കേസിൽ നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് സിനിമ മേഖലയിലേയ്ക്ക് അന്വേഷണം വ്യാപിച്ചിരുന്നു. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്ന് എണ്ണം വാങ്ങിയിരിക്കുന്നത് സിനിമ മേഖലയിലെ ഉന്നതർ ആണെന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തൽ. രണ്ട് നടൻമാരും ഒരു സംവിധായനും വാഹനം വാങ്ങിയിട്ടുണ്ട് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന് ലഭിച്ച വിവരം.

SCROLL FOR NEXT