ലീലാവതി ടീച്ചറെ സന്ദർശിച്ച് പി. രാജീവ് Source: Facebook/ P Rajeev
KERALA

സൈബർ ആക്രമണം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യം അറിയിച്ച് പി. രാജീവ്; ഗാസയിലെ കുട്ടികള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് മന്ത്രി

എം. ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശത്തില്‍ സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറിനെ സന്ദർശിച്ച് മന്ത്രി പി. രാജീവ്. ടീച്ചർ നേരിടുന്ന സൈബർ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്ന മന്ത്രി അറിയിച്ചു. ലീലാവതി ടീച്ചറിന് ജന്മദിനാശംസകള്‍ നേർന്ന മന്ത്രി ഗാസയിലെ കുട്ടികൾക്കൊപ്പവും പലസ്തീനൊപ്പവും നിലകൊള്ളുന്നുവെന്നും വ്യക്തമാക്കി.

എം. ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ടീച്ചറുടെ വാക്കുകളെ നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിൻ്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് പിറന്നാളിന് ഉണ്ണാൻ തോന്നുന്നില്ല എന്നായിരുന്നു ലീലാവതി ടീച്ചറിന്റെ പ്രസ്താവന. ഇതിനു പിന്നാലെ ഈ പ്രസ്താവനയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേപോലെ, കാസ ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്ന് സൈബർ ആക്രമണങ്ങളും നേരിട്ടു. കുട്ടികളുടെ വിശപ്പ് മാറ്റാൻ കഴിയാതെ യജ്ഞം നടത്തിയിട്ട് എന്ത് കാര്യമെന്ന് കൃഷ്‌ണൻ പുരാണത്തിൽ ചോദിച്ചിട്ടുണ്ട്. അത് തന്നെയാണ് താനും ചോദിച്ചതെന്നായിരുന്നു വിമർശനങ്ങളോടുള്ള ഡോ. എം ലീലാവതിയുടെ പ്രതികരണം. ആരോടും ശത്രുതയില്ല . എപ്പോഴും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് . അവർക്ക് ജാതിയോ മതമോ ഇല്ല. തന്റെ പരാമർശം എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നില്ലെന്നും എം. ലീലാവതി വ്യക്തമാക്കി .

പി. രാജീവിന്റെ പോസ്റ്റിന്റെ പൂർണരൂപം:

മലയാളത്തിന്റെ സാഹിത്യ കുലപതിമാരിലൊരാളാണ് ലീലാവതി ടീച്ചർ. ടീച്ചർ ഒരു വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ ആ വിഷയത്തിന്റെ പ്രാധാന്യവും സമൂഹത്തിൽ അത് ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ഗൗരവവുമാണ് മലയാളികൾ ചിന്തിക്കുക. എന്നാൽ ഗാസയിലെ കുട്ടികൾക്കായി ടീച്ചർ നടത്തിയ പ്രതികരണത്തിൽ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു കൂട്ടർ തുനിഞ്ഞിരിക്കുന്നു എന്നത് അത്യന്തം ഗൗരവം നിറഞ്ഞ കാര്യമാണ്. ഇത്തരക്കാർ മലയാളത്തിനോ സമുന്നതമായ മൂല്യം പുലർത്തുന്ന നമ്മൾ മലയാളികൾക്കോ യാതൊരു ഗുണവും നൽകുന്നില്ലെന്ന് മാത്രമല്ല സമൂഹത്തെയാകെ പിന്നോട്ടുവലിക്കാൻ ശ്രമിക്കുകയുമാണ്. വിഷയത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയാണ്. ടീച്ചർക്ക് ഈ പിറന്നാൾ ദിനത്തിൽ ജന്മദിനാശംസകൾക്കൊപ്പം ഐക്യദാർഢ്യം കൂടി പ്രകടിപ്പിക്കുന്നു. ഗാസയിലെ കുട്ടികൾക്കൊപ്പവും പലസ്തീനൊപ്പവും നിലകൊള്ളുന്നു.

SCROLL FOR NEXT