പാലക്കാട്: ചിറ്റൂരിൽ നിന്ന് കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ് - തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്.
21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സുഹാൻ്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയായിരുന്നു കുഞ്ഞിനെ കാണാതായത്. സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കുടുംബം പറയുന്നു.
സുഹാന് വേണ്ടി ശനിയാഴ്ച രാത്രി 10 മണിവരെ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീടിന് സമീപത്തെ കുളത്തിൽ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻ്റെ മൃതശരീരം ലഭിച്ചത്.