തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് മറുപടിയുമായി വി.കെ. പ്രശാന്ത്. ശ്രീലേഖയുടേത് സമാന്യമരാദ്യ ഇല്ലാത്ത ആവശ്യമാണെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. വാടകക്കരാറിൻ്റെ കാലാവധി കഴിയും വരെ ഓഫീസ് ഒഴിയില്ലെന്നും ഒഴിപ്പിക്കാൻ നോക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോര്‍പറേഷനില്‍ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ആർ. ശ്രീലേഖ രംഗത്തെത്തിയത്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണം എന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. ഫോണിൽ വിളിച്ചാണ് ശ്രീലേഖ ആവശ്യം ഉന്നയിച്ചത്. തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്നും ശ്രീലേഖ പ്രശാന്തിനെ അറിയിച്ചു.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് വി.കെ. പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. മുൻ കൗൺസിലാണ് ഇത് വാടകയ്ക്ക് നൽകിയത്. എല്‍ഡിഎഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.