Source: News Malayalam 24x7
KERALA

ഡയാലിസിസ് രോഗികളുടെ മരണം: ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ കേസ്

അശ്രദ്ധ മരണത്തിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്...

Author : അഹല്യ മണി

ആലപ്പുഴ: ഡയാലിസിസിനിടെ രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ കേസ് എടുത്തു. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ മരണത്തിലാണ് കേസെടുത്തത്. അശ്രദ്ധമൂലം മരണത്തിനിടയാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. മരിച്ച അബ്ദുൽ മജീദിന്റെ കുടുംബവും പരാതി നൽകും. ഡയാലിസിസിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ വെട്ടുവേനി രാജേഷ് കുമാറിന്റെ ഭാര്യ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനെ നിർണായക റിപ്പോർട്ട് വെട്ടിലാക്കിയിരുന്നു. ഡയാലിസിസിന് പിന്നാലെ മരിച്ച രണ്ട് പേർക്കും അണുബാധയുണ്ടായെന്ന് റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ടായി. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നും റിപ്പോർട്ട്. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്‌ നൽകിയത്.

കായംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മജീദ്, ഹരിപ്പാട് സ്വദേശി പച്ചക്കറി വിൽപ്പനക്കാരനായ രാമചന്ദ്രൻ എന്നിവരാണ് ഡയാലിസിസിന് പിന്നാലെ അണുബാധയുണ്ടായി മരിച്ചത്. കഴിഞ്ഞ മാസം 29ന് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലു പേർക്ക് വിറയലും ഛർദിലും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവരെ പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

SCROLL FOR NEXT