ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനെ വെട്ടിലാക്കി നിർണായക റിപ്പോർട്ട്. ഡയാലിസിസിന് പിന്നാലെ മരിച്ച രണ്ട് പേർക്കും അണുബാധയുണ്ടായെന്ന് സ്ഥിരീകരണം. ആരോഗ്യ ഡയറക്ടർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നും റിപ്പോർട്ട്. രണ്ട് ഡെപ്യുട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയത്. ആരോഗ്യ ഡയറക്ടർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്.
കായംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മജീദ്, ഹരിപ്പാട് സ്വദേശി പച്ചക്കറി വിൽപ്പനക്കാരനായ രാമചന്ദ്രൻ എന്നിവരാണ് ഡയാലിസിസിന് പിന്നാലെ അണുബാധയുണ്ടായി മരിച്ചത്. കഴിഞ്ഞ മാസം 29ന് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്ക് വിറയലും ഛർദിലും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവരെ പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഹരിപ്പാട് ഡയാലിസിസ് സെൻ്ററിനെതിരെ ഗുരുതര ആരോപണമാണ് മരിച്ച രാമചന്ദ്രൻ്റെ ഭാര്യ ഉന്നയിച്ചത്. വൃത്തിഹീനമായ പശ്ചാത്തലം ആയിരുന്നു ഡയാലിസിസ് സെൻ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടർമാർ കൃത്യമായി ചികിത്സ നൽകുന്നില്ലെന്നും രാമചന്ദ്രൻ്റെ ഭാര്യ അംബിക ആരോപിച്ചിരുന്നു.