കാസർഗോട്ടെ മുസ്ലീം ലീഗിൽ പോര് മുറുകുന്നു; സ്ഥിരം സമിതി അധ്യക്ഷ പദവിക്കായി പിടിവലി
കാസർഗോഡ്: നഗരസഭയിൽ സ്‌ഥിരം സമിതി അധ്യക്ഷ പദവിക്കായും മുസ്ലീം ലീഗിൽ പോര് മുറുകുന്നു. വൈസ് ചെയർമാൻ പദവിയിൽ നിന്ന് തഴയപ്പെട്ട ഹമീദ് ബദരിയ ഉൾപ്പെടെ ഏഴ് നേതാക്കളാണ് സ്‌ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുവന്നത്. മുന്നണി മര്യാദ പ്രകാരം ഒരു സ്‌ഥിരം സമിതി അധ്യക്ഷപദവിയെങ്കിലും കോൺഗ്രസിന് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരും രംഗത്തുവന്നു.
വികസന സമിതി അധ്യക്ഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികൾ ആവശ്യപ്പെട്ടാണ് മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കളായ ഹമീദ് ബദിര, ജാഫർ കമാൽ, അമീർ പള്ളിയാൻ, ഹിറോസ് അടുക്കത്തുബയൽ എന്നിവർ രംഗത്തെത്തിയത്. രണ്ട് പദവികൾക്കായി നാലുപേർ അവകാശവാദം ഉന്നയിച്ച് ചേരിതിരഞ്ഞതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. അധ്യക്ഷ സ്ഥാനം ആർക്കെന്നതിൽ ഇതുവരെയും തീരുമാനമായില്ല.
നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം നേതാക്കൾ പണം വാങ്ങി വിറ്റെന്നാരോപിച്ച് ലീഗ്, യൂത്ത്‌ലീഗ് പ്രവർത്തകർ കഴിഞ്ഞ ദിവസം അണങ്കൂർ ബദിരയിൽ പ്രകടനം നടത്തിയിരുന്നു. വാർഡ് കൗൺസിലർ ഹമീദ് ബദിരയെ പിന്തുണയ്‌ക്കുന്നവരാണ് പ്രതിഷേധിച്ചത്. വൈസ് ചെയർമാൻ സ്ഥാനം എം ഹനീഫ്‌യ്‌ക്ക് കാശിനു വിറ്റെന്നായിരുന്നു ആരോപണം.
പരസ്യ പ്രതിഷേധത്തിന് മുതിർന്ന ഹമീദിനെ സ്‌ഥിരം സമിതി അധ്യക്ഷനാക്കരുതെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. കുടുത്ത നിലപാടുകൾ ഉണ്ടായാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടൊക്കുമെന്ന് ഭയന്ന് ഒത്തുതീർപ്പിനൊരുങ്ങുകകയാണ് നേതൃത്വം. വനിതാസംവരണമായ ആരോഗ്യം വിദ്യാഭ്യാസം, ക്ഷേമകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് നൈമുന്നിസ, സമീന മുജീബ്, മെഹറുന്നിസ്സ എന്നിവരാണ് മുസ്ലീം ലീഗിൻ്റെ പരിഗണനയിലുള്ളത്.
എന്നാൽ എൻ ആർ വിദ്യശ്രീ, ആർ രഞ്‌ജിഷ എന്നിവരെ പരിഗണിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു അധ്യക്ഷ പദവിയെങ്കിലും കോൺഗ്രസിന് വേണമെന്നാണ് ഡിസിസിയുടെ നിലപാട്. സീറ്റ് വിഭജനത്തെ ചൊല്ലി ജില്ലയിലെ പലയിടത്തും യു ഡി എഫിൽ ഉലച്ചിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും അതിൻ്റെ അലയൊലികൾ അടങ്ങിയിട്ടില്ല എന്നതിലേക്കാണ് നിലവിലെ പ്രതിസന്ധി വിരൽചൂണ്ടുന്നത്.
