പത്തനംതിട്ട: മൂഴിയാർ സർക്കാർ യുപി സ്കൂളിലെ 25 എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ഇനി ഗ്രാന്റ് മുടങ്ങില്ല. എംഎൽഎ കെ.യു. ജെനീഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കുട്ടികൾക്ക് താൽക്കാലിക എസ്ബിഐ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ തീരുമാനമായി. ജനന സർട്ടിഫിക്കറ്റ് നൽകാൻ അടൂർ ആർഡിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ആധാർ കാർഡ് നൽകാനായി മൂഴിയാറിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. മൂഴിയാർ സ്കൂളിലെ കൂട്ടികൾക്ക് ഗ്രാന്റ് ലഭിക്കുന്നില്ലെന്ന വാർത്ത ന്യൂസ് മലയാളമാണ് ആദ്യം പുറത്ത് വിട്ടത്.
ബാങ്ക് അക്കൗണ്ട് വഴി ഗ്രാന്റ് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ വിദ്യാർഥികൾക്ക് ഗ്രാന്റ് വിതരണം തടസപ്പെട്ടുവെന്നായിരുന്നു ന്യൂസ് മലയാളം പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഷയം പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവർഗ വകുപ്പാണ് ഗ്രാന്റ് നൽകേണ്ടത്. വിദ്യാഭ്യസ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന സ്ഥിതിക്ക് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനുള്ള സർക്കാർ ഉത്തരവിനു ശേഷം അർഹതപ്പെട്ട ഒരാൾക്ക് പോലും ഗ്രാന്റ് ലഭിച്ചിരുന്നില്ല. കുട്ടികൾക്ക് ആധാർ കാർഡോ മറ്റ് അനുബന്ധ രേഖകളോ ജനന സർട്ടിഫിക്കറ്റോ പോലുമില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. സ്കൂൾ രേഖകൾ പരിഗണിച്ച് കുട്ടികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ ഇടപെടണമെന്നായിരുന്നു അധ്യാപകരുടെയും ആവശ്യം.
1962ൽ തുടങ്ങിയ സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. പക്ഷെ പലരും ജനിച്ചത് വനത്തിന് ഉള്ളിലായിരുന്നതിനാൽ ഇവർക്ക് ആധാർ കാർഡോ ജനന സർട്ടിഫിക്കറ്റോ ഒന്നുമില്ല. അതുകൊണ്ടാണ് ഒരാൾക്ക് പോലും എസ്‍സി-എസ്‍ടി ഗ്രാൻ്റ് ലഭിക്കാത്ത സ്ഥിതി വന്നത്. സ്കൂളിൽ ഉള്ളത് ആകെ 31 കുട്ടികളാണ്. ഇതിൽ 19 വിദ്യർഥികൾ ആദിവാസി വിഭാഗത്തിൽ പെടുന്നതാണ്. ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെടുന്നതാണ് ആറ് കുട്ടികൾ.