തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ നിർണായക രേഖ പുറത്ത്. 2014 ൽ പുനഃപ്രതിഷ്ഠയ്ക്ക് തീരുമാനമെടുത്തത് ദേവപ്രശ്ന വിധിപ്രകാരമാണെന്നാണ് റിപ്പോർട്ട്. കൊടിമരം മാറ്റി സ്ഥാപിക്കാൻ ഇടയാക്കിയത് അനധികൃതമായി പെയിൻ്റടിച്ചതിനാലെന്നും രേഖയിൽ പറയുന്നു. തീരുമാനം രേഖപ്പെടുത്തിയ അഷ്ടമംഗല പ്രശ്നച്ചാർത്തിൻ്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.
2014 ജൂണ്‍ 18നായിരുന്നു ദേവപ്രശ്നം നടന്നത്. യുഡിഎഫ് സര്‍ക്കാർ നിയോഗിച്ച എം.പി. ഗോവിന്ദന്‍ നായർ ദേവസ്വം ബോർഡ് പ്രസിഡൻ്റായ സമയത്തായിരുന്നു കൊടിമരം മാറ്റാൻ തീരുമാനമായത്. യുഡിഎഫ് കാലത്തെ എം.പി. ഗോവിന്ദൻ നായരുടെ ഭരണസമിതിയുടെ തീരുമാനം 2017ലെ പ്രയാർ ഗോപാലകൃഷ്ണൻ്റെ ഭരണസമിതിയാണ് നടപ്പാക്കുകയായിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒന്നരക്കിലോയിലേറെ സ്വർണമെന്നാണ് എസ്ഐടി കണ്ടെത്തൽ. 1998 ൽ രണ്ട് കിലോയോളം സ്വർണം ദ്വാരപാലക പാളികളിൽ പൊതിഞ്ഞിരുന്നു. പോറ്റി തിരികെയെത്തിച്ചപ്പോൾ ഉണ്ടായിരുന്നത് 394.9 ഗ്രാം മാത്രം. ബാക്കി സ്വർണം കൊള്ളയടിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. സ്വർണം പൂശി തിരികെയെത്തിച്ചപ്പോഴുള്ള കണക്കാണ് എസ്ഐടി പുറത്തുവിട്ടിരിക്കുന്നത്. ബാക്കി സ്വർണം കൊള്ളയടിച്ചെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക പാളികളിലെ മാത്രം കണക്കാണിത്. വേർതിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യ കണക്ക്. കട്ടിളപ്പാളിയിലെ സ്വർണം കൂടിയാവുമ്പോൾ നഷ്ടം കൂടുമെന്നും കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് നീക്കം. ഇതിനായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ശുപാർശ എസ്ഐടി ആഭ്യന്തര വകുപ്പിന് മുന്നിൽ വെച്ചത്.