ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല 
KERALA

ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല; ബോട്ടുടമകൾ സമരത്തിലേക്ക്

പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ ഗണത്തിൽപ്പെടുത്തിയ ഫൈബർ വള്ളങ്ങൾക്ക് വരെ ഇൻഷുറൻസ് നൽകുമ്പോഴാണ് , ബോട്ടുടമകളോടും ബോട്ടിൽ പണിയെടുക്കുന്ന തൊഴിലാളികളോടുമുള്ള ഈ വിവേചനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമകൾ സമരത്തിലേക്ക്. നാലായിരത്തിലധികം ബോട്ടുകളും , 50 ,000 ത്തിൽ അധികം തൊഴിലാളികളുമാണ് ഒരു പരിരക്ഷയുമില്ലാതെ ഉൾക്കടലിൽ പണിയെടുക്കുന്നത്.

ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുന്നത്. 2018 മുതൽ ബോട്ടുടമകൾ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് . ഇതിനിടയിൽ നിരവധി അപകടങ്ങളിൽ പലർക്കും ജീവനും ബോട്ടുകളും നഷ്ടപ്പെട്ടു. എന്നാൽ ഇവർക്കൊന്നും സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.

പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ ഗണത്തിൽപ്പെടുത്തിയ ഫൈബർ വള്ളങ്ങൾക്ക് വരെ ഇൻഷുറൻസ് നൽകുമ്പോഴാണ് ബോട്ടുടമകളോടും ബോട്ടിൽ പണിയെടുക്കുന്ന തൊഴിലാളികളോടുമുള്ള ഈ വിവേചനം. കോടികൾ വിലവരുന്ന ബോട്ടുകൾ എങ്ങനെ കടലിൽ ഉപേക്ഷിക്കുമെന്നാണ് ഇവരുടെ ചോദ്യം. ആഴക്കടൽ മത്സ്യബന്ധനം സംസ്ഥാനത്തിൻ്റെ വരുമാനത്തിലും കയറ്റുമതിയിലും നേട്ടം കൊയ്യുമ്പോൾ ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നാണ് ബോട്ടുടമകൾ പറയുന്നു.

SCROLL FOR NEXT