കോഴിക്കോട്:ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത ഒളിവിലെന്ന് സൂചന. ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. അറസ്റ്റ് നീക്കത്തിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്.
ഗോവിന്ദപുരം സ്വദേശിയായ ദീപക്കിൻ്റെ മരണത്തിലേക്ക് നയിച്ചത് യുവതിയുടെ ക്രൂരതയാണെന്നും യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രവർത്തിയെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു. ഈ പാരതിയിന്മേലാണ് പൊലീസ് നടപടി എടുത്തത്. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു.
വീഡിയോ വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.