എറണാകൂളം: സംസ്ഥാന വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതു ചൂണ്ടാക്കിട്ടിയാണ് മുഖപ്രസംഗം. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിട്ടുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം. ഇസ്ലാമഫോബിയ നിർമിച്ചെടുത്തതത് ഇസ്ലാമിക തീവ്രവാദമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാൽ വെട്ടരുത് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല മതേതര കേരളത്തെയാണ്. വഖഫ് കയ്യേറ്റങ്ങൾ തടയാൻ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തു. എന്നാൽ മുനമ്പത്തെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നും ഇല്ലായിരുന്നു. പിണറായി സർക്കാർ കുറച്ചൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിൽ എത്തിയാൽ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് ഓർമിപ്പിക്കുന്നു എന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു.
മതപ്രീണത്തിന് വേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനമ്പത്ത് ഉൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയതെന്നും ദീപിക ചോദിച്ചു. എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ എന്നും ദീപിക ചോദിച്ചു.
1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനമ്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണെന്നും ദീപിക.
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചു കൊണ്ടേയിരിക്കുമ്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്നും ദീപിക വിമർശിച്ചു. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞാണ് ദീപിക മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.