KERALA

"നിലപാടുകളിൽ അണുവിട വ്യത്യാസമില്ലാതെ മുന്നോട്ടുപോകും"; പി.സി. ജോർജിനും ഷോൺ ജോർജിനും എതിരെ ദീപിക

ആരെയും ഭയപ്പെടില്ലെന്നും ദീപിക വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ദീപികയ്‌ക്കെതിരെ വിമർശനമുന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനും എതിരെ ദീപിക. ആരെയും ഭയപ്പെടില്ലെന്നും നിലപാടുകളിൽ അണുവിട വ്യത്യാസമില്ലാതെ മുന്നോട്ടുപോകുമെന്നും എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. ദീപികയുടെ 140 ആം വാർഷികത്തിൻ്റെ ഭാഗമായി കോട്ടയത്ത് നടത്തിയ സമ്മേളനത്തിലാണ് ഫാദർ മൈക്കിൾ വെട്ടിക്കാട്ടിൻ്റെ വിമർശനം.

ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നത്. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു പി.സി. ജോർജിൻ്റെ പ്രതികരണം. ചില മെത്രാന്മാർ പോക്രിത്തരം പറയുകയാണ്. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടാകില്ലെന്നും പി.സി ജോർജ് വിമർശിച്ചിരുന്നു.

കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി വാർത്തകൾ പടച്ചുവിടുന്നത് നിർത്തണമെന്നും, ദീപികയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയണമെന്നുമായിരുന്നു ഷോൺ ജോർജ് പറഞ്ഞത്. സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് കോൺഗ്രസിന് വേണ്ടി ഇടപെടൽ നടത്തുകയാണ്. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല ദീപികയിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.

ദീപികയ്‌ക്കെതിരെ സഭാ പിതാക്കന്മാർക്ക് പരാതി നൽകുമെന്നും, പത്രത്തിൻ്റെ ഇൻവെസ്റ്റേഴ്സ് ആരൊക്കെയാണെന്ന് അറിയണമെന്നും ഷോൺ ജോർജ് പറഞ്ഞു. ആ പണം പാലായിലെ ആളുകളുടെ കയ്യിൽ നിന്ന് പിരിച്ചു നൽകാം. ബിജെപിയെ അനുകൂലിക്കേണ്ട പക്ഷേ നിഷ്പക്ഷമായി നിൽക്കണമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.

SCROLL FOR NEXT