തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളെ തുടർന്ന് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുള്ള നിരവധി പേർ ഇനിയും ഉണ്ടെന്ന് വിദ്യാർഥിനികൾ പറഞ്ഞു. അവധിക്ക് നാട്ടിൽ പോയ കുട്ടികൾക്കും പനി ബാധിച്ചിട്ടുണ്ട്.സമീപത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.
രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും അടച്ചു. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.